Connect with us

Kerala

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി നിലച്ചു

Published

|

Last Updated

കണ്ണൂര്‍: മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ നാല് മാസത്തോളമായി നല്‍കേണ്ട സബ്‌സിഡി തുക നല്‍കാത്തത് കാരണം തൊഴിലാളികള്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പതിനഞ്ചായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്കായി പ്രതിമാസം അഞ്ച് കോടി രൂപയാണ് മത്സ്യഫെഡ് മുഖേനെ നല്‍കാനുള്ളത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സബ്‌സിഡി പദ്ധതി പ്രകാരം പ്രതിമാസം 140 മുതല്‍ 190 വരെ ലിറ്റര്‍ മണ്ണെണ്ണയാണ് ഓരോ മത്സ്യത്തൊഴിലാളിക്കും മത്സ്യഫെഡിന്റെ ബങ്കുകള്‍ മുഖേനെ നല്‍കുന്നത്. അതാത് സമയത്തെ കമ്പോള നിലവാരം അനുസരിച്ച് തൊഴിലാളികളില്‍ നിന്ന് മത്സ്യഫെഡ് മണ്ണെണ്ണ വില ഈടാക്കുമെങ്കിലും ലിറ്ററിന് 25 രൂപ വീതം ഓരോരുത്തരുടെയും ബേങ്ക് അക്കൗണ്ടിലേക്ക് തിരിച്ചുനല്‍കാറാണ് പതിവ്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി നല്‍കുന്നില്ല. കഴിഞ്ഞ ഓഖി ചുഴലിക്കാറ്റിന് ശേഷം മത്സ്യങ്ങളുടെ ലഭ്യതയിലുണ്ടായ കുറവ് കാരണം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി തുക കൂടി ലഭിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്.

കൂടാതെ, ട്രോളിംഗ് നിരോധം ഈവര്‍ഷം അഞ്ച് ദിവസം മുമ്പെ തുടങ്ങാനിരിക്കുകയാണ്. സാധാരണഗതിയില്‍ ജൂണ്‍ 15 മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധം ആരംഭിക്കാറുള്ളതെങ്കില്‍ ഇത്തവണ പത്ത് മുതല്‍ തുടങ്ങും. ഓഖിക്ക് ശേഷം മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം കടല്‍ക്ഷോഭവും വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഓഖിയോടനുബന്ധിച്ച് നിരവധി ദിവസങ്ങള്‍ തൊഴിലാളികള്‍ക്ക് കടലില്‍ പോകാ ന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഈയിടക്കാണ് കഴിഞ്ഞയാഴ്ച വന്ന മെകുനു ചുഴലിയും പ്രതിസന്ധി സൃഷ്ടിച്ചത്.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി ഇനി മുതല്‍ ട്രഷറി മുഖേനെ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചതായി അറിയുന്നു.