സുന്നികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം തടയുന്നത് തികഞ്ഞ ധാര്‍ഷ്ട്യം: ഖലീല്‍ ബുഖാരി

Posted on: June 6, 2018 6:25 am | Last updated: June 5, 2018 at 11:50 pm
SHARE
എട്ടിക്കുളം തഖ്‌വ മസ്ജിദ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സുന്നി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

കണ്ണൂര്‍: എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ ജുമുഅ തടസ്സപ്പെടുത്താനുള്ള ശ്രമം രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി പ്രസ്താവിച്ചു. എട്ടിക്കുളം തഖ്‌വ മസ്ജിദ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതേതര രാജ്യമായ ഇന്ത്യയുടെ സവിശേഷത നാനാത്വത്തി ല്‍ ഏകത്വമാണ്. ഈ രാജ്യത്ത് മുസ്‌ലിംകള്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളും അവരുടെതായ ആരാധനക്ക് സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ ഭരണഘടന അനുവദിക്കുന്നതാണ്. നിയമം പാലിച്ചാണ് കേരളത്തിലെയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെയും മുസ്‌ലിംകള്‍ പള്ളി പരിപാലിച്ചു വരുന്നതും ആരാധന നിര്‍വഹിക്കന്നതും. എട്ടിക്കുളത്ത് സുന്നികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം തടയുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും ഖലീ ല്‍ തങ്ങള്‍ പറഞ്ഞു.

പതിനേഴ് വര്‍ഷമായി ഇവിടെ പള്ളി പ്രവര്‍ത്തിച്ചുവരുന്നു. പരിസരവാസികള്‍ക്ക് സൗകര്യപ്രദമായിട്ടാണ് ജുമുഅ ആരംഭിച്ചത്. പരിശുദ്ധ റമസാനിലെ മൂന്ന് വെള്ളിയാഴ്ചകളില്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.