എട്ടിക്കുള തഖ്‌വ മസ്ജിദ്: അക്രമം ആരാധനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: സുന്നി നേതാക്കള്‍

Posted on: June 6, 2018 6:06 am | Last updated: June 5, 2018 at 11:48 pm
എട്ടിക്കുളം തഖ്‌വ മസ്ജിദ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സുന്നി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

കണ്ണൂര്‍: എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ ജുമുഅ നടക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങള്‍ ആരാധനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദു ല്ലത്വീഫ് സഅദി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ. യു സി അബ്ദുല്‍ മജീദ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി നിസാര്‍ അതിരകം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വിഭാഗത്തിന്റെ ആശയങ്ങളും ചിന്തകളും മാത്രമേ നിലനില്‍ക്കാന്‍ അനുവദിക്കൂവെന്ന ചിലരുടെ ധാര്‍ഷ്ട്യം വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും എട്ടിക്കുളം അക്രമം പൗരസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എട്ടിക്കുളം പ്രദേശത്ത് സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താജുല്‍ ഉലമ എജ്യുക്കേഷനല്‍ കോംപ്ലക്‌സിന് കീഴിലുള്ള തഖ്‌വ മസ്ജിദിലെ ജുമുഅ നിസ്‌കാരം തികച്ചും മതപരമായി അനുവദിക്കപ്പെട്ട രീതിയില്‍ തന്നെയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് റമസാനിലെ ആദ്യ വെള്ളിയാഴ്ച സംഘടിച്ചെത്തിയ ഗുണ്ടാസംഘം പള്ളിയിലെ മിമ്പറയടക്കം അക്രമിച്ച് കേടുവരുത്തിയത്. അടുത്ത വെള്ളിയാഴ്ച സ്ത്രീകളെ ഉപയോഗിച്ച് നടത്തിയ അക്രമത്തിന്റെയും ഇക്കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് വരുന്നവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെയും മതപരമായ ലേബലെന്തെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന്് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഗുണ്ടകള്‍ തകര്‍ത്ത കാര്‍

പള്ളിയിലേക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഒരു സ്ഥലത്ത് പള്ളി നിര്‍മിച്ചാല്‍ എവിടെ നിന്ന് വരുന്നവര്‍ക്കും ആരാധന നിര്‍വഹിക്കാമെന്നാണ് മതനിയമമെന്ന് നേതാക്കള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തഖ്‌വ മസ്ജിദില്‍ വിശ്വാസികള്‍ക്ക് ആരാധന നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷണവും അനുവദിക്കപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സുന്നി ഐക്യശ്രമങ്ങള്‍ നടക്കുന്നതിനിടക്ക് അതിനെ തുരങ്കം വെക്കാനുദ്ദേശിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണോ എട്ടിക്കുളത്തെ അക്രമമെന്ന് സംശയിക്കുന്നതായും സുന്നി നേതാക്കള്‍ പറഞ്ഞു.