Connect with us

Kannur

എട്ടിക്കുളം തഖ്‌വ പള്ളി അക്രമം: ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു; സബ് കലക്ടര്‍ പള്ളി സന്ദര്‍ശിച്ചു

Published

|

Last Updated

തഖ്‌വാ മസ്ജിദിന് മുമ്പില്‍ നിലയുറപ്പിച്ച പോലീസ് സേന

പയ്യന്നൂര്‍: എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിന്റെ കീഴിലുള്ള തഖ്‌വ പള്ളിയില്‍ കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായി ജുമുഅ നിസ്‌കാരം തടയാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഒരു വിഭാഗം നടത്തിയ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നലെ ജില്ലാ സബ് കലക്ടര്‍ തഖ്‌വ പളളി സന്ദര്‍ശിച്ചു. ജുമുഅ നിസ്‌കാരം നടത്താന്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട് തഖ്‌വ പള്ളി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സബ് കലക്ടര്‍ ചന്ദ്രശേഖരന്‍ പള്ളി സന്ദര്‍ശിച്ചത്. രാമന്തളി വില്ലേജ് ഓഫീസര്‍ സുധീര്‍ കുമാറും ഒപ്പമുണ്ടായിരുന്നു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ തഖ്‌വ പള്ളിയിലെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്താന്‍ ആസൂത്രിത ശ്രമമാണ് കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായി നടന്നത്. നിസ്‌കാരത്തിന് നേതൃത്വം കൊടുക്കാനെത്തിയ പണ്ഡിതന്‍മാരെ തടഞ്ഞുവെക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. പോലീസിന് നേരെയും അക്രമം ഉണ്ടായി. ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് പോലീസ് കഴിഞ്ഞ വെള്ളിയാഴ്ച അക്രമികളെ തുരത്തിയത്.

ഗുണ്ടകള്‍ തകര്‍ത്ത കാര്‍

അതിനിടെ, അടുത്ത വെള്ളിയാഴ്ചയും ജുമുഅ തടസ്സപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അക്രമം നടന്ന തഖ്‌വ പള്ളിയില്‍ ഇന്നലെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശനം നടത്തി. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയ നേതാക്കളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് നാളെ

കണ്ണൂര്‍: എട്ടിക്കുളം താജുല്‍ ഉലമാ എജ്യൂക്കേഷന്‍ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖ്‌വ മസ്ജിദില്‍ റമസാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തുന്ന നിരന്തര അക്രമത്തില്‍ പ്രതിഷേധിച്ച് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച്് സംഘടിപ്പിക്കും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെയും നിയമസംവിധാനത്തെയും കാറ്റില്‍പറത്തി പള്ളിയും പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്ന വിശ്വാസികളെയും അക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. സമാധാന കേന്ദ്രങ്ങളായ ആരാധനാലയങ്ങളെ ബാലിശമായ വാദങ്ങള്‍ നിരത്തി വിശുദ്ധ റമസാനിലെ പവിത്രമായ ദിവസങ്ങളില്‍ പോലും കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഹീനവും നികൃഷ്ടവുമാണ്. രാജ്യത്തെ നിരവധി മത സംഘടനകള്‍ വിവിധ ആരാധനാലയങ്ങള്‍ നിര്‍മിച്ച് പരിപാലിച്ചുവരുന്നുണ്ട്. അതിന് രാജ്യത്ത് കൃത്യമായ നിയമവ്യവസ്ഥയും നിലനില്‍ക്കുന്നു. അതിനെ വെല്ലുവിളിച്ച് നിയമം കൈ യിലെടുക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് മതേതര സമൂഹത്തിന്റെ ബാധ്യതയാണ്. എട്ടിക്കുളത്ത് സമാധാനം പുനഃസ്ഥാപിക്കുക, ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന മാര്‍ച്ച് രാവിലെ 10ന് തളിപ്പറമ്പ് മേഖലാ സെന്റര്‍ പരിസരത്ത് നിന്ന് ആരംഭിക്കും.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ മുഹമ്മദ് സഖാഫി ചൊക്ലിയുടെ അധ്യക്ഷതയില്‍ കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. യു സി അബ്ദുല്‍ മജീദ്, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, കെ അബ്ദുര്‍റഷീദ് ദാരിമി, കെ പി കമാലുദ്ദീന്‍ മൗലവി, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് സംബന്ധിക്കും.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ പി മുഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ അല്‍ അബ്‌റാറില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം സമരപരിപാടിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, കെ ഇബ്‌റാഹിം മാസ്റ്റര്‍, അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, കെ മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍, എന്‍ സകരിയ്യ മാസ്റ്റര്‍, അബ്ദുര്‍റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, ജബ്ബാര്‍ മാവിച്ചേരി സംബന്ധിച്ചു.