സമരം ആറാം നാള്‍; രാഹുല്‍ ഇന്ന് കര്‍ഷകരെ സംബോധന ചെയ്യും

Posted on: June 6, 2018 6:06 am | Last updated: June 6, 2018 at 10:33 am
SHARE

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. രാഷ്ട്രീയ കിസാന്‍ മഹാ സംഘിന് കീഴില്‍ നൂറില്‍പ്പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. ഇന്നലെയും ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളില്‍ പച്ചക്കറിക്ക് തീ വിലയാണ്. പല ഭാഗങ്ങളിലും ഇന്നലെയും ഉത്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും ബി ജെ പിയും ഇന്നലെയും കാര്യമായ പ്രതികരണങ്ങളോ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളോ സ്വീകരിച്ചില്ല. എന്നാല്‍, ഇന്ന് മുതല്‍ പ്രതിഷേധം പ്രതിപക്ഷകക്ഷികള്‍ ഏറ്റെടുത്ത് സജീവമാക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മധ്യപ്രദേശിലെ മന്ദ്‌സൊറില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യും. ഉച്ചക്ക് ഒന്നിനാണ് രാഹുലിന്റെ പ്രസംഗം.

കഴിഞ്ഞ വര്‍ഷം ജുണ്‍ ആറിന് മധ്യപ്രദേശ് സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച ഏഴ് കര്‍ഷകരെ വെടിവെച്ച് കൊന്നിരുന്നു. ഈ കര്‍ഷക രക്തസാക്ഷികളുടെ ഓര്‍മ പുതുക്കല്‍ ദിനമായിട്ടു കൂടിയാണ് വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് മധ്യപ്രദേശില്‍ കൂറ്റന്‍ കര്‍ഷക റാലി നടത്തുന്നത്.