Connect with us

National

സ്ഥാനക്കയറ്റത്തിന് എസ് സി- എസ് ടി സംവരണം നല്‍കാം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിന് പട്ടികജാതി- വര്‍ഗ സംവരണത്തിന് സുപ്രീം കോടതിയുടെ താത്കാലിക അനുമതി. ഭരണഘടനാ ബഞ്ചിന്റെ അന്തിമ വിധി വരുന്നത് വരെ നിയമം അനുശാസിക്കുന്ന രീതിയില്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാറിന് കോടതി അനുമതി നല്‍കിയത്.

സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്നതിനു വേണ്ടി 1997 ആഗസ്റ്റ് 13ന് കേന്ദ്ര ഉദ്യോഗസ്ഥ പരിശീലന മന്ത്രാലയം പുറത്തിറക്കിയ മെമ്മോറാണ്ടം റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം തെയ്താണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

വിവിധ സര്‍ക്കാര്‍ സര്‍വീസുകളിലായി 14,000 ഒഴിവുകള്‍ നികത്തേണ്ടതുണ്ടെന്നും ഹരജിയില്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കണമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് തിങ്കളാഴ്ച ജസ്റ്റിസുമാരായ ആദര്‍ശ്കുമാര്‍ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ച് മുമ്പാകെ പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഹരജി അടിയന്തരമായി പരിഗണിച്ചത്.

സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ 2011ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരായ പ്രത്യേക വിടുതല്‍ ഹരജി മെയ് 17ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരുടെ ബഞ്ച് വാദം കേട്ടിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നതിനാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു ബഞ്ച് വ്യക്തമാക്കിയത്. എന്നാല്‍, ഈ ഉത്തരവ് സ്റ്റേ ചെയ്യാതെയാണ് ഇന്നലെ സുപ്രീം കോടതിയുടെ അവധികാല ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Latest