Connect with us

Kerala

നിപ്പാ: ആശങ്ക ഒഴിയുന്നു; ജാഗ്രത തുടരും

Published

|

Last Updated

തിരുവനന്തപുരം: രണ്ടാം ഘട്ട വ്യാപനം ദുര്‍ബലമാണെന്നതിനാല്‍ നിപ്പാ വൈറസ് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ഈ മാസം അവസാനം വരെ ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍, യോജിച്ച പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി വി എസ് എല്‍-3 ഗ്രേഡിലുള്ള ലാബ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.

നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ പെട്ടെന്നുതന്നെ മുന്‍കരുതലുകള്‍ നടത്താനായി. ചില രാജ്യങ്ങളില്‍ എബോള വൈറസിനെ ചെറുക്കാന്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് നിപ്പായെ ചെറുക്കാന്‍ സംസ്ഥാനവും സ്വീകരിച്ചത്. വൈറസ് ബാധ ചെറുക്കുന്നതിന് ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്ന് ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ എംബസി വഴിയാണ് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയതായി രോഗലക്ഷണത്തോടെ ആരും ചികിത്സ തേടിയിട്ടില്ലെന്നത് ശുഭസൂചനയാണ്. നിപ്പാ നിയന്ത്രണവിധേയമാണെങ്കിലും ജൂണ്‍ അവസാനം വരെ ജാഗ്രത വേണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച പതിമൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ സംഘത്തിനും ഡോ. അനൂപ്, ഡോ. ജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെയും ആശുപത്രികളിലെ ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി അനുമോദിച്ചു.

അതേസമയം, നിപ്പായുമായി ബന്ധപ്പെട്ട തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാറിനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Latest