പട്ടിണി കിടന്ന് മൂന്ന് ദിവസത്തിനിടെ രണ്ട് സ്ത്രീകള്‍ മരിച്ചു

Posted on: June 6, 2018 6:10 am | Last updated: June 5, 2018 at 11:14 pm
SHARE

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പട്ടിണി കിടന്ന് മൂന്ന് ദിവസത്തിനിടെ രണ്ട് സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി രഘ്ബാര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഛത്ര ജില്ലയിലെ ഇത്‌കോരി ബ്ലോക്കില്‍ 45കാരിയായ മീണ മുഷാരിയാണ് ഒടുവില്‍ മരിച്ചത്. പട്ടിണി കിടന്നാണ് മാതാവ് മരിച്ചതെന്ന് മകന്‍ ഗൗതം മുഷാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പാഴ്‌വസ്തുക്കള്‍ പെറുക്കി വില്‍ക്കുന്ന ഇവര്‍ക്ക് കഴിഞ്ഞ മൂന്ന്, നാല് ദിവസമായി പൈസയൊന്നും ലഭിച്ചിരുന്നില്ല. നാല് ദിവസമായി മാതാവ് ഒന്നും കഴിച്ചില്ലെന്നും തിങ്കളാഴ്ച നില വഷളായതിനെ തുടര്‍ന്ന് താന്‍ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു.

ശനിയാഴ്ച 65കാരിയായ സാവിത്രി ദേവി പട്ടിണി കാരണം മരിച്ചിരുന്നു. ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ വാര്‍ധക്യ പെന്‍ഷനോ ഇല്ല. സംസ്ഥാനത്ത് നേരത്തെയും പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.