ഗ്വാട്ടിമല അഗ്നിപര്‍വത സ്‌ഫോടനം; മരണം 69 ആയി

Posted on: June 6, 2018 6:02 am | Last updated: June 5, 2018 at 10:36 pm
SHARE
ഗ്വാട്ടിമലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിപ്പോയ ബാലികയെ സൈനികന്‍ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നു.

ഗ്വാട്ടിമല: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 69 ആയി. ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗ്വാട്ടിമലയില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്്. നാല് പതിറ്റാണ്ടിനിടെ ഫ്യൂഗോ അഗ്നിപര്‍വതം ഇത്ര ശക്തമായി പൊട്ടിത്തെറിക്കുന്നത് ഇതാദ്യമാണ്.

അഗ്നിപര്‍വതത്തിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ലാവ പരന്നൊഴുകുകയാണ്. ആകാശം കറുത്ത പുകകൊണ്ട് മൂടുകയും ചെയ്തു. കഴിഞ്ഞ ദിവസം രക്ഷപ്രവര്‍ത്തകര്‍ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൊത്തം 69 പേരാണ് മരിച്ചതെന്നും ഇവരില്‍ 17 പേരെ തിരിച്ചറിഞ്ഞതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ദുരന്തനിവാരണ സംഘത്തിലെ ഒരു അംഗവും ഉള്‍പ്പെടുന്നു. പാലത്തിന് മുകളില്‍ നിന്ന് ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത് നോക്കിനിന്ന രണ്ട് കുട്ടികളും വെന്തുമരിച്ചു. പ്രധാനമന്ത്രി ജിമ്മി മോറല്‍സ് അടിയന്തര നടപടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പുറമെ അഗ്നിപര്‍വതത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.