Connect with us

Gulf

റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങാനുള്ള നീക്കം: സൈനികമായി നേരിടുമെന്ന് സഊദി; പരമാധികാരത്തിന്റെ ഭാഗമെന്ന് ഖത്വര്‍

Published

|

Last Updated

ദോഹ: റഷ്യയില്‍ നിന്ന് ഖത്വര്‍ അത്യാധുനിക മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച വിവാദം കൂടുതല്‍ മുറുകുന്നു. മിസൈല്‍ വാങ്ങുന്നത് ഖത്വറിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഈ വിഷയത്തില്‍ സഊദി അറേബ്യ നടത്തുന്ന ഭീഷണി അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നും ഖത്വര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. റഷ്യയില്‍ നിന്ന് ഖത്വര്‍ എസ് 400 മിസൈലുകള്‍ വാങ്ങുകയാണെങ്കില്‍ സൈനിക നടപടി ആലോചിക്കേണ്ടിവരുമെന്ന് സഊദി ഖത്വറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അല്‍താനി.

ഒരു രാജ്യത്തിന് വേണ്ടി സൈനിക ഉപകരണങ്ങള്‍ വാങ്ങുകയെന്നത് ആ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണ്. മറ്റു രാജ്യങ്ങള്‍ക്ക് ഇതില്‍ കൈകടത്താന്‍ ഒരു അവകാശവും ഇല്ല. മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണ് ഈ നീക്കമെന്നാണ് സഊദിയുടെ ആരോപണം. എന്നാല്‍ ഖത്വര്‍ ഒരിക്കലും സഊദിക്ക് ഭീഷണിയല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് സഊദി രാജാവ് അയച്ച കത്തിലാണ് സൈനിക നടപടി ആലോചിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഖത്വറിന് എസ് 400 മിസൈലുകള്‍ വില്‍ക്കാനുള്ള റഷ്യന്‍ നീക്കം ആശങ്കയോടെയാണ് കാണുന്നത്. ഈ വിഷയത്തില്‍ ഖത്വറിന് മേല്‍ ഫ്രാന്‍സ് സമ്മര്‍ദം ചെലുത്തണം. ഈ മിസൈലുകള്‍ ഖത്വറിന്റെ കൈവശം ഉണ്ടാകുമ്പോഴുള്ള അനന്തരഫലങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ഇത് സഊദിയുടെ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ്. അത്തരമൊരു സാഹചര്യത്തില്‍ സൈനിക നടപടി ഉള്‍പ്പടെയുള്ള അനിവാര്യ നടപടികള്‍ക്ക് രാജ്യം നിര്‍ബന്ധിതമാകുമെന്നും കത്തില്‍ സല്‍മാന്‍ രാജാവ് മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍, ഈ കത്തിന് നീതീകരണം നല്‍കാന്‍ നിയമപരമായ ഒരു അടിസ്ഥാനവുമില്ല. മാത്രമല്ല ഇത്തരമൊരു ഭീഷണി ജി സി സി അംഗങ്ങള്‍ പരസ്പരം ആക്രമിക്കരുതെന്ന ജി സി സി ഉടമ്പടിയെ റദ്ദ് ചെയ്യുന്നതാണെന്നും അല്‍താനി കുറ്റപ്പെടുത്തി.

Latest