Connect with us

Gulf

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരം; അവാര്‍ഡ്ദാനം ഇന്ന്

Published

|

Last Updated

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ സിറാജിനുള്ള ഉപഹാരം ഹംസ സീഫോര്‍ത്ത് ഏറ്റുവാങ്ങുന്നു

ദുബൈ: ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഈ വര്‍ഷം ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമെത്തിയ നൂറോളം വിദ്യാര്‍ഥികള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍മാറ്റുരച്ചു. താമസിക്കുന്ന ഹോട്ടലില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ പാരായണത്തില്‍ നിലവാരം പുലര്‍ത്താത്തതിനാല്‍ പല രാജ്യങ്ങളില്‍ നിന്നും വന്നവരെ തിരിച്ചയച്ചിരുന്നു. റമസാന്‍ തുടക്കം തൊട്ട് പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ വിവിധ ഭാഷകളില്‍ ഇതിനോടനുബന്ധിച്ചു നടന്നു.

ഇന്ന് രാത്രി ഒന്‍പതിന് മംസാറിലെ ഹോളി ഖുര്‍ആന്‍ ആസ്ഥാനത്തിനടുത്ത ദുബൈ കര്‍ചറല്‍ ഹ്യുമാനിറ്റേറിയം ഓഡിറ്റോറിയത്തില്‍സമാപന സമ്മേളനം നടക്കും. ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹയുടെ അധ്യക്ഷതയില്‍ മദീനയിലെ ഇമാം പ്രമുഖ പണ്ഡിതന്‍ ശൈഖ് ഡോ. അലി ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഹുസൈഫിക്ക് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം സമ്മാനിക്കും. വിവിധ മേഖലയിലെ ഉന്നതരും നയതന്ത്ര പ്രതിനിധികളും പരിപാടിയുടെ സഹകാരികളായ കമ്പനികളുടെ മേധാവികളുമടക്കം നിരവധി പേര്‍ പങ്കെടുക്കും. മത്സരത്തിന്റെ അവസാന ദിവസത്തില്‍ ദുബൈയിലെ പ്രധാന മാധ്യമങ്ങള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

ശേഷം നാലു പേരാണ് മത്സരിച്ചത്. പാക്കിസ്ഥാനിലെ മുല്‍താന്‍ സ്വദേശി മുഹമ്മദ് അസദ് എന്ന പതിനൊന്നുകാരന്റെ പാരായണം ശ്രവിക്കാന്‍ വലിയ നിര തന്നെയുണ്ടായിരുന്നു. അബ്ദുര്‍റഹ്മാന്‍-ശബാന ബീവി ദമ്പതികളുടെ നാലു മക്കളില്‍ മൂത്തവനാണ് മുഹമ്മദ്. പാക്കിസ്ഥാനിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമായ ജാമിഅ മിസ്ബാഹുല്‍ഉലൂം മുഹമ്മദിയ്യയില്‍ നിന്നാണ് ആറാം വയസില്‍ തുടങ്ങി ഒന്‍പത് വയസില്‍ ഖുര്‍ആന്‍ മുഴുവനും മന:പ്പാഠമാക്കിയത്. ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുന്നത്. ഭാവിയില്‍ഇസ്‌ലാമിക പണ്ഡിതനാകാനാണ് പാക്കിസ്ഥാനില്‍ ടാക്‌സി ഡ്രൈവറായ അബ്ദുഅബ്ദുര്‍റഹ്മാന്റെ മകന്‍ ആഗ്രഹിക്കുന്നത്.

ദുബൈയില്‍ എത്തിയ മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും വിസയും ടിക്കറ്റും നോമ്പിന്റെ തുടക്കം മുതല്‍ എല്ലാവിധ സൗകര്യങ്ങളും ദുബൈ ഗവണ്‍മെന്റാണ് നല്‍കിയത്. എല്ലാ മത്സരാര്‍ഥികള്‍ക്കും ക്യാഷ് അവാര്‍ഡ് ലഭിക്കും. ദുബൈയിലെ പ്രധാന സ്ഥലങ്ങളിലേക്ക് സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.