കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി

Posted on: June 5, 2018 9:43 pm | Last updated: June 5, 2018 at 9:43 pm

ദുബൈ: ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ യുവതിയുടെ ശിക്ഷ വര്‍ധിപ്പിച്ചു. ദുബൈ പ്രാഥമിക കോടതി 32 വയസ്സുള്ള കാമുകന് വധശിക്ഷയും യുവതിക്ക് 15 വര്‍ഷം തടവുമായിരുന്നു വിധിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയും യുവതിയുടേത് ജീവപര്യന്തം ശിക്ഷയാക്കി വര്‍ധിപ്പിക്കുകയുമായിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം യുവതിയെ നാടുകടത്താനും ഉത്തരവായി.

കാമുകിയുടെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിമുറിക്കുകയും തുടര്‍ന്ന് കാറില്‍ ഉപേക്ഷിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് കോടതി രേഖകള്‍. 2016 ഒക്ടോബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ടയാള്‍ കൃത്യം നടത്തിയ വ്യക്തിയുടെ അടുത്ത കൂട്ടുകാരനായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂവരും കോമറോസ് ദ്വീപില്‍ നിന്നുള്ളവരാണ്.

അപ്പീല്‍ കോടതിയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് യുവതി പറഞ്ഞു. നിങ്ങളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് യുവതി മറുപടി നല്‍കിയത്. ‘പ്രതിയെ ഒരിക്കലും ഈ പ്രവര്‍ത്തിക്ക് പ്രോത്സാഹിപ്പിച്ചിട്ടില്ല. കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ല’ യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുവതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയത് എന്നായിരുന്നു യുവാവ് കോടതിയില്‍ നല്‍കിയ മൊഴി. യുവതി കൃത്യത്തില്‍ ഇടപെട്ടതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

കേസില്‍ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായ സ്ത്രീയും തമ്മില്‍ രണ്ടു വര്‍ഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കിയിരുന്നു. സംഭവദിവസം വീട്ടില്‍ ഭര്‍ത്താവുമായി യുവതി മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കി. ഇത് പരിഹരിക്കാന്‍ കാമുകനും ഭര്‍ത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭര്‍ത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്നുള്ള കാര്യങ്ങളെല്ലാം യുവതിയുമായി പ്രതി പങ്കുവച്ചിരുന്നു.

കൊല്ലപ്പെട്ട വ്യക്തിയും കൃത്യം നടത്തിയ ആളും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നു. രാത്രി വീട്ടില്‍ നിന്നും സുഹൃത്തിനെ കാറില്‍ കയറ്റുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് വലിയ കല്ല് ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. കൂടുതല്‍ തെളിവ് ലഭിക്കാതിരിക്കാന്‍ ഒഴിഞ്ഞ പ്രദേശത്ത് പോയി കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.