കൃഷിയിടങ്ങളുടെ ഭൂപടം ഇനി ഡ്രോണ്‍ തയ്യാറാക്കും

ഉപയോഗിക്കുന്നത് കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യ
Posted on: June 5, 2018 9:41 pm | Last updated: June 5, 2018 at 9:41 pm
SHARE

ദുബൈ: രാജ്യത്തെ കൃഷി സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കാന്‍ അടുത്തു തന്നെ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ ഡ്രോണ്‍ കമ്പനികളെ മന്ത്രാലയം യു എ ഇയിലേക്ക് ക്ഷണിച്ചിരുന്നു.

ഈ മാസം രണ്ടാം വാരത്തില്‍ ഫുജൈറയിലെ വാദി അല്‍ ഖിബ് ഏരിയ (500 ചതുരശ്ര മീറ്റര്‍)യുടെ ഭൂപടം ഡ്രോണ്‍ സഹായത്താല്‍ തയ്യാറാക്കും. കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്.

ഡ്രോണ്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭൂപടങ്ങങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്നതും ഫലപ്രദമായി വായുമണ്ഡലങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നതുമായിരിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സിയൂദി പറഞ്ഞു. ഒരു പ്രദേശത്തിന്റെ പ്രകൃതിയവും മനുഷ്യനിര്‍മിതവുമായ സവിശേഷതകള്‍, അതിര്‍ രേഖ, വ്യോമ ഗതി, ത്രീഡി സിറ്റി മോഡല്‍ എന്നിവയെല്ലാം ഡ്രോണിന്റെ സഹായത്താല്‍ തയ്യാറാക്കുന്ന ഭൂപടത്തിലുണ്ടാകും. സ്ഥിതി വിവരക്കണക്കുകള്‍ കൃത്യമായി തയ്യാറാക്കാന്‍ ഇത്തരം ഭൂപടങ്ങള്‍ സഹായകമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സൂക്ഷ്മമായ കാര്‍ഷിക വസ്തുതകള്‍ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ വിവര ശേഖരങ്ങള്‍ നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തണുപ്പിലും ചൂടിലുമുള്ള താപനില, സസ്യങ്ങള്‍ വളര്‍ത്തുന്ന ഗ്രീന്‍ ഹൗസിലെ താപനില, കാറ്റിന്റെ തുടക്കം, ഫലപുഷ്ടിയില്ലാത്ത ഭൂമി, ഫാം കെട്ടിടങ്ങള്‍ക്ക് യോജിച്ച മേഖല, ഫാമുകളില്‍ കിണര്‍ കുഴിക്കാന്‍ പറ്റുന്ന സ്ഥലം, വിവിധ മണ്ണുകളും മണ്ണിലെ ലവണത്വവും ഒട്ടകം, പശു, ആട്, ചെമ്മരിയാട് തുടങ്ങിയവക്ക് വസിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി കണ്ടെത്തി.

സ്ഥിരമായും താത്കാലികമായും ധാന്യം വിളയിക്കാന്‍ പറ്റിയയിടങ്ങള്‍, ഈത്തപ്പഴമരങ്ങള്‍, മറ്റു മരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.