റമസാനില്‍ ദുബൈയില്‍ പിടിയിലായത് 112 യാചകര്‍; നായിഫില്‍ നിന്ന് മാത്രം 67

യാചകരെ ശ്രദ്ധയില്‍ പെട്ടാല്‍ ദുബൈ പോലീസിന്റെ 901 നമ്പറില്‍ അറിയിക്കണം
Posted on: June 5, 2018 9:37 pm | Last updated: June 5, 2018 at 9:37 pm
SHARE

ദുബൈ: റമസാന്‍ തുടക്കത്തില്‍ ഇതുവരെ ദുബൈയിലെ വിവിധയിടങ്ങളില്‍ 112 യാചകര്‍ അറസ്റ്റില്‍. ഇതില്‍ 88 യാചകര്‍ സ്ത്രീകളാണ്. ദുബൈ പോലീസിന്റെ യാചക വിരുദ്ധ ക്യാമ്പയിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ വരെ 237 യാചകര്‍ പിടിയിലായി.

യാചകരെ കണ്ടെത്താന്‍ ദുബൈ നഗരത്തെ പോലീസ് വിവിധ സോണുകളാക്കി തിരിച്ചാണ് പരിശോധന നടത്തിയതെന്ന് നായിഫ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുര്‍റഹ്മാന്‍ സഈദ് ഉബൈദല്ല പറഞ്ഞു. മറ്റുള്ളയിടങ്ങളെ അപേക്ഷിച്ച് ജനത്തിരക്കേറിയതും നിരവധി വ്യാപാര സ്ഥാപനങ്ങളും താമസ കേന്ദ്രങ്ങളുമുള്ള നായിഫ് റെഡ് സോണിലായിരുന്നു. ക്യാമ്പയിന്‍ കാലയളവില്‍ നായിഫില്‍ നിന്ന് 67 യാചകരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ യാചകരില്‍ കൂടുതലും ഏഷ്യക്കാരാണ്. റമസാനില്‍ പെട്ടെന്ന് പണമുണ്ടാക്കാന്‍ സന്ദര്‍ശക വിസയിലാണ് ഇവര്‍ എത്തുന്നത്. ഇവരില്‍ കൂടുതലും തട്ടിപ്പുകാരാണ്. റമസാന്‍ ലക്ഷ്യമിട്ട് യു എ ഇയിലെത്തി മസ്ജിദ് പരിസരങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് പണമുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ചികിത്സാ രേഖകളുമായി ബര്‍ദുബൈയിലെ ഒരു മെഡിക്കല്‍ സെന്ററിനടുത്ത് യാചന നടത്തുകയായിരുന്ന അറബ് ദമ്പതികളെയും മൂന്ന് മക്കളെയും അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് നുഴഞ്ഞു കയറ്റ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ അലി സാലിം പറഞ്ഞു.

ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പണം തന്ന് സഹായിക്കണമെന്ന് യാചിച്ചിരുന്ന സഹോദരികളായ രണ്ട് അറബ് വംശജരെയും രണ്ട് വയസുള്ള പെണ്‍കുട്ടിയെയും ദുബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാറില്‍ ഇന്ധനം തീര്‍ന്നെന്നും വീട്ടിലേക്ക് മടങ്ങാന്‍ കാറില്‍ ഇന്ധനം നിറക്കാന്‍ പണം തന്ന് സഹായിക്കണമെന്ന് യാചിക്കുന്ന ഒരു ഏഷ്യക്കാരനെയും അറസ്റ്റ് ചെയ്തു. ഇയാളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അല്‍ബര്‍ശയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ റമസാനില്‍ 154 യാചകരാണ് ദുബൈയില്‍ അറസ്റ്റിലായത്. 2016ല്‍ 641 യാചകരെയും അറസ്റ്റ് ചെയ്തു.

യാചകരെ അറസ്റ്റ് ചെയ്യാന്‍ ദുബൈ നഗരസഭ, താമസ കുടിയേറ്റ വകുപ്പ് (ദുബൈ എമിഗ്രേഷന്‍), ദുബൈ മതകാര്യ വകുപ്പ് എന്നിവരെല്ലാം പോലീസിനെ സഹായിക്കുന്നുണ്ടെന്ന് ലെഫ്. കേണല്‍ അലി സാലിം വ്യക്തമാക്കി. തെരുവോരങ്ങളില്‍ യാചകരെ കാണുന്ന പൊതുജനങ്ങള്‍ 901 നമ്പറില്‍ വിവരമറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here