ട്രൈനില്‍ ഇനി അമിതഭാരം കയറ്റിയാല്‍ ആറിരട്ടി പിഴ

പിന്‍വലിക്കുന്നത് മൂന്ന് പതിറ്റാണ്ടോളം തുടര്‍ന്ന ഇളവ്
Posted on: June 5, 2018 9:27 pm | Last updated: June 6, 2018 at 9:32 am
SHARE

ന്യൂഡല്‍ഹി: റെയില്‍വേ അനുവദിച്ചതിനേക്കാള്‍ അധികം തൂക്കത്തിലുള്ള ലഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈടാക്കുക കനത്ത പിഴ. വിമാന യാത്രക്ക് സമാനമായാണ് റെയില്‍വേയും ലഗേജ് നിയന്ത്രണം കര്‍ശനമാക്കുന്നത്. അനുവദിച്ചതിലും അധികം ലഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് ആറിരട്ടി വരെ പിഴ ഈടാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പരിശോധന ശക്തമാക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. നിയമപ്രകാരം യാത്രക്കാര്‍ക്ക് ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുവദിച്ച ലഗേജിന് അളവ് നിശ്ചയിച്ചിട്ടുണ്ട്. ചില യാത്രക്കാര്‍ അമിതമായി ലഗേജ് കയറ്റുന്നുണ്ടെന്നും അത് മറ്റു യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമം കര്‍ക്കശമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ലഗേജ് കൊണ്ടുപോകുന്നത് സംബന്ധിച്ച് പഴയ ചട്ടത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

എ സി ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എഴുപത് കിലോഗ്രാം വരെയുള്ള ലഗേജാണ് കൊണ്ടുപോകാന്‍ അനുമതിയുള്ളത്. പ്രത്യേകം പണമടച്ച് 150 കിലോഗ്രാം വരെ എ സി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് കൊണ്ടുപോകാം. എ സി ടു ടയര്‍ യാത്രക്കാര്‍ക്ക് ഇത് യഥാക്രമം അമ്പതും നൂറും കിലോഗ്രാമാണ്. എ സി ത്രി ടയര്‍, ചെയര്‍ കാര്‍ യാത്രക്കാര്‍ക്ക് നാല്‍പ്പത് കിലോഗ്രാം വരെ മാത്രമാണ് കൊണ്ടുപോകാന്‍ അനുമതി. സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നാല്‍പ്പത് കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാമും ലഗേജ് സൗജന്യമായി കൊണ്ടുപോകാം. പണമടച്ചാല്‍ ഇത് യഥാക്രമം എണ്‍പതും എഴുപതും കിലോഗ്രാമാണ്.

ഈ ആഴ്ച അവസാനത്തോടെ എല്ലാ സോണുകളിലും പുതിയ നിയമം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. വിമാനത്താവളങ്ങളിലേതു പോലെ ട്രെയിനില്‍ കയറുന്നതിന് മുമ്പ് ലഗേജുകള്‍ പരിശോധിക്കില്ല. ടിക്കറ്റ് പരിശോധനക്കിടെ ഏകദേശ തൂക്കം നോക്കുകയാകും ചെയ്യുക. നിയമം നേരത്തെ നിലവിലുണ്ടെന്നും ഇപ്പോള്‍ ശക്തമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും റെയില്‍വേ ബോര്‍ഡിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.