മലയാളത്തില്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സഊദി; വീഡിയോ

Posted on: June 5, 2018 8:39 pm | Last updated: June 6, 2018 at 9:32 am
SHARE

റിയാദ്: ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് സഊദി പുറത്തിറക്കിയ പരസ്യ വീഡിയോ കണ്ടോ. ഇല്ലല്ലോ, അതിലെന്താ അത്ര വല്യ സംഭവം എന്ന് ചോദിക്കാതിരിക്കേണ്ട, സംഭവമുണ്ട്. ലോകകപ്പ് ടീമിലെ ഒരു താരത്തെ പ്രഖ്യാപിച്ചത് മലയാളത്തിലാണ്. സംഭവം ശരിയാണ്. പരസ്യത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്തക്ക് താഴെ വീഡിയോ കാണാം.

ലോകകപ്പിനുള്ള 23 അംഗ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തിറങ്ങിയ പരസ്യ വീഡിയോ സഊദിയുടെ സംസ്‌കാരവും ഫുട്‌ബോള്‍ ആവേശവും എടുത്തുകാണിക്കുന്നതാണ്.

ഓരോ താരത്തിന്റേയും പേര് ഓരോ സാഹചര്യങ്ങളിലാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയുടെ അവസാനത്തില്‍ ഒരു ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയില്‍ നിന്നാണ് ലോകകപ്പില്‍ പങ്കെടുക്കുന്ന സഊദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മലിക് അല്‍ഖൈബരി ഉള്‍പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്ന് മലയാളത്തില്‍ പ്രഖ്യാപിക്കുന്നത്.

സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി, മനിസ്ട്രി ഓഫ് മീഡിയ, സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.