Connect with us

Sports

സാലയുണ്ട്, സാനെയില്ല !

Published

|

Last Updated

കെയ്‌റോ: റഷ്യയില്‍ ലോകകപ്പ് കളിക്കാന്‍ ഈജിപ്ത് വരുന്നത് മുഹമ്മദ് സാലയുമായിട്ട്. 23 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം വരെ കാത്തു നിന്ന ഈജിപ്ത് ലിവര്‍പൂളിന്റെ സൂപ്പര്‍ താരത്തെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി വരുന്ന സാലക്ക് ലോകകപ്പ് ആരംഭിക്കും മുമ്പെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നപ്രതീക്ഷയിലാണിത്.

കഴിഞ്ഞ ക്ലബ്ബ് സീസണില്‍ 44 ഗോളുകളാണ് സാല ലിവര്‍പൂളിനായി നേടിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ ലിവര്‍പൂളിനെ കുതിപ്പിച്ച സാലക്ക് കലാശക്കളിയിലാണ് പരുക്കേറ്റത്.

സെര്‍ജിയോ റാമോസിന്റെ ടാക്ലിംഗില്‍ ഷോള്‍ഡര്‍ ഇടിച്ച് നിലംപതിക്കുകയായിരുന്നു. സ്‌പെയ്‌നിലെ വലന്‍ഷ്യയില്‍ സാല ചികിത്സയിലാണിപ്പോള്‍. 1990ന് ശേഷം ലോകകപ്പ് യോഗ്യത നേടിയ ഈജിപ്തിന്റെ നോക്കൗട്ട് പ്രതീക്ഷകളത്രയും സാലയിലാണ്. യോഗ്യതാ റൗണ്ടില്‍ സാലയുടെ മികവായിരുന്നു തുണച്ചത്.

മുഹമ്മദ് സാല ഒപ്പമുണ്ടാകുന്നത് തന്നെ ടീമിന് ആത്മവിശ്വാസമാകുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പില്‍ ജൂണ്‍ 15ന് ഉറുഗ്വെക്കെതിരെയാണ് ഈജിപ്തിന്റെ ആദ്യ മത്സരം. എന്നാല്‍, മൂന്നാഴ്ചത്തെ വിശ്രമത്തിലുള്ള സാല ആദ്യ മത്സരത്തില്‍ ഇറങ്ങാന്‍ ഇടയില്ല. 19ന് റഷ്യക്കെതിരെ രണ്ടാം മത്സരത്തിലാകും സാല ബൂട്ടുകെട്ടുക. മൂന്നാം മത്സരം 25ന് സഊദി അറേബ്യക്കെതിരെ.

ഗോള്‍കീപ്പര്‍മാര്‍ : ഇസാം എല്‍ഹദാരി, മുഹമ്മദ് എല്‍ ഷെനാവി,ഷെരീഫ് എക്രാമി.

ഡിഫന്‍ഡര്‍മാര്‍ : അഹമ്മദ് ഫാതി, സാദ് സമീര്‍, അയ്മന്‍ അശ്‌റഫ്, അഹമ്മദ് ഹെഗാസി, അലി ഗാബിര്‍, അഹമ്മദ് എല്‍മൊഹമ്മദി, മുഹമ്മദ് അബ്ദുല്‍ ഷാഫി, ഒമര്‍ ഗാബെര്‍, മഹ്മൂദ് ഹംദി.

മിഡ്ഫീല്‍ഡര്‍മാര്‍ : മുഹമ്മദ് എല്‌നെനി, താരെഖ് ഹമീദ്, സാം മൊര്‍സി, മഹ്മൂദ് അബ്ദുല്‍ റസാഖ്, അബ്ദുല്ല അല്‍ സെയ്ദ്, മഹ്മൂദ് ഹസന്‍, റമദാന്‍ സോബി, അമര്‍ വര്‍ദ, മഹ്മൂദ് അബ്ദുല്‍ മൊനെയിം.

സ്‌ട്രൈക്കര്‍മാര്‍ : മുഹമ്മദ് സാല, മര്‍വാന്‍ മൊഹ്‌സന്‍.

മ്യൂണിക്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലെറോയ് സാനെയെ ഒഴിവാക്കിക്കൊണ്ട് ജര്‍മന്‍ കോച്ച് ജോക്വം ലോ ലോകകപ്പിനുള്ള 23 അംഗ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചു.

പരുക്കില്‍ നിന്ന് മുക്തനായി വരുന്ന ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യുവര്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചു. എന്നാല്‍, ലോകകപ്പിന്റെ താരമാകുമെന്ന് കരുതപ്പെട്ട ഇരുപത്തിരണ്ടുകാരനായ സാനെയെ കോച്ച് തഴഞ്ഞത് ഞെട്ടിപ്പിക്കുന്ന തീരുമാനമായി. ഗോള്‍ കീപ്പര്‍, ബെര്‍നാഡ് ലെനോ, സ്‌ട്രൈക്കര്‍ നില്‍സ് പീറ്റേഴ്‌സന്‍,ഡിഫന്‍ഡര്‍ ജൊനാഥന്‍ എന്നിവരാണ് സാധ്യതാ സ്‌ക്വാഡിലെ തഴയപ്പെട്ടവര്‍.

2016ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ലെറോയ് സാനെ ജര്‍മനിയുടെ യൂറോ കപ്പ് സ്‌ക്വാഡിലുണ്ടായിരുന്നു. അന്ന് സാനെയുടെ സാന്നിധ്യം അപ്രതീക്ഷിതമായിരുന്നു. ഇത്തവണ, ജോക്വം ലോ സാനെയക്കാള്‍ അരോഗദൃഢഗാത്രനായ ജൂലിയന്‍ ബ്രാന്‍ഡിനാണ് പരിഗണന നല്‍കിയത്.

ലോകകപ്പ് ടീമിന്റെ കോച്ചിന് ഏറ്റവും മികച്ച കളിക്കാരെ ഒഴിവാക്കിക്കൊണ്ട് സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടി വരും. അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂവെന്ന് ജോക്വം ലോ പറഞ്ഞു.
സ്വീഡന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ ഉള്‍പ്പെട്ട എഫ് ഗ്രൂപ്പിലാണ് ജര്‍മനി.

ഗോള്‍കീപ്പര്‍മാര്‍ : മാനുവല്‍ ന്യുവര്‍, മാര്‍ക് ആന്‍ഡ്രെ ടെര്‍ സ്റ്റിഗെന്‍, കെവിന്‍ ട്രാപ്.

ഡിഫന്‍ഡര്‍മാര്‍ : ജെറോം ബോട്ടെംഗ്, മതിയാസ് ജിന്റര്‍, ജൊനസ്‌ഹെക്ടര്‍, മാറ്റ്‌സ് ഹമ്മല്‍സ്, ജോഷ്വ കിമിച്, മര്‍വിന്‍ പ്ലാറ്റന്‍ഹാഡ്, അന്റോണിയോ റുഡിഗര്‍, നിക്ലാസ് സ്യുലെ.
മിഡ്ഫീല്‍ഡര്‍മാര്‍ : ജൂലിയന്‍ ബ്രാന്‍ഡ്, ജൂലിയന്‍ഡ്രാക്‌സലര്‍, ലിയോന്‍ ഗോറെസ്‌കെ, ഇകെ ഗുന്‍ഡോകന്‍, സമി ഖെദീറ, ടോണി ക്രൂസ്, തോമസ് മ്യൂളര്‍, മാര്‍കോ റ്യൂസ്, സെബാസ്റ്റിയന്‍ റൂഡി, മെസുറ്റ് ഒസില്‍.
സ്‌ട്രൈക്കര്‍മാര്‍ : മരിയോ ഗോമസ്, ടിമോ വെര്‍നര്‍.

ബ്രസല്‍സ്: പരുക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപാനിയെ നിലനിര്‍ത്തിക്കൊണ്ട് ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് 24 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ലോറന്റ് സിമാന്‍ സ്റ്റാന്‍ഡ്‌ബൈ.

ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ആദ്യ മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് 23 അംഗ സാധ്യതാ സ്‌ക്വാഡ് പ്രഖ്യാപിക്കുമെന്ന് മാര്‍ട്ടിനെസ് അറിയിച്ചു. ഫിഫ ലോകകപ്പ് നിയമം സ്റ്റാന്‍ഡ്‌ബൈ താരത്തെ നിലനിര്‍ത്തിക്കൊണ്ട് ടീം പ്രഖ്യാപിക്കാനുള്ള സാവകാശം നല്‍കുന്നുണ്ട്. ജൂണ്‍ പതിനെട്ടിന് പനാമക്കെതിരെയാണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം. ടുണീഷ്യ, ഇംഗ്ലണ്ട് ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നായകനായ വിന്‍സെന്റ് കൊംപാനി ഡിഫന്‍ഡര്‍ എന്ന നിലയില്‍ മാത്രമല്ല, കോര്‍ണര്‍ കിക്കുകള്‍ ഹെഡര്‍ ഗോളാക്കി മാറ്റുന്നതിലെ വിദഗ്ധന്‍ എന്ന നിലക്കും നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. ഇതാണ് ബെല്‍ജിയം കോച്ച് കൊംപാനിയെ ടീമിലുള്‍പ്പെടുത്താന്‍ അവസാന ദിവസം വരെ കാത്തു നില്‍ക്കുന്നത്.

28 അംഗ സാധ്യതാ സ്‌ക്വാഡില്‍ നിന്ന് ഗോള്‍കീപ്പര്‍ മാറ്റ്‌സ് സെല്‍സ്, ഡിഫന്‍ഡര്‍മാരായ ക്രിസ്റ്റ്യന്‍ കബാസലെ, ജോര്‍ദാന്‍ ലുകാകു, ക്രിസ്റ്റിയന്‍ ബെന്റെകെ എന്നിവരെ ഒഴിവാക്കിയാണ് 24 അംഗ സ്‌ക്വാഡ് തയ്യാറാക്കിയത്.

ഗോള്‍ കീപ്പര്‍മാര്‍ : തിബോട് കുര്‍ടോയിസ്, സിമോണ്‍ മിഗ്നോലെറ്റ്, കോയിന്‍ കസ്റ്റീല്‍സ്.
ഡിഫന്‍ഡര്‍മാര്‍ : ടോബി അല്‍ഡര്‍വിര്‍ലെഡ്, തോമസ് മ്യൂനിയര്‍, തോമസ് വെര്‍മെലന്‍, യാന്‍ വോര്‍ടോംഹെന്‍, ഡെഡ്രിക് ബൊയാറ്റ, വിന്‍സെന്റ് കൊംപാനി.
മിഡ്ഫീല്‍ഡര്‍മാര്‍ : മൗറാനെ ഫെലെയ്‌നി, അക്‌സല്‍ വിട്‌സെല്‍, കെവിന്‍ ഡി ബ്രൂയിന്‍, എദെന്‍ ഹസാദ്, നാസെര്‍ ചാദി, ലീയാന്‍ഡര്‍ ഡെന്‍ഡോന്‍കര്‍, തൊര്‍ഗാന്‍ ഹസാദ്, യൂരി ടെലെമാന്‍സ്, മൂസ ഡെംബെലെ.
സ്‌ട്രൈക്കര്‍മാര്‍ : മിചി ബാഷുയി, യാനിക് കരാസ്‌കോ, അദ്‌നാന്‍ ജനുസായ്, റൊമേലു ലുകാകു, ഡ്രിയസ് മെര്‍ട്ടെന്‍സ്. സ്റ്റാന്‍ഡ്‌ബൈ : ലോറന്റ് സിമാന്‍.

Latest