പ്രതിഷേധത്തെ തുടര്‍ന്ന് ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു

Posted on: June 5, 2018 6:25 am | Last updated: June 5, 2018 at 12:31 am
SHARE

അമ്മാന്‍: പുതിയ നികുതി ബില്ലിന്റെ പേരിലും സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പേരിലും രാജ്യത്ത് പ്രതിഷേധം പടര്‍ന്നുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി രാജിവെച്ചു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനമായ അമ്മാനില്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും പ്രതിഷേധവുമായി പതിനായിരക്കണക്കിന് പേര്‍ ഒത്തുകൂടി. കഴിഞ്ഞ മാസം പാര്‍ലിമെന്റിലേക്കയച്ച പുതിയ ഇന്‍കം ടാക്‌സ് ബില്ലും ഐ എം എഫ് പിന്തുണയോടെ സാധനങ്ങളുടെ വില ഉയര്‍ത്തിയതും സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ജോര്‍ദാന്‍ സാക്ഷ്യം വഹിക്കാത്ത അത്രയും വലിയ ജനക്കൂട്ടമാണ് പ്രതിഷേധവുമായി തെരുവുകളില്‍ ഇറങ്ങിയിരിക്കുന്നത്. ജോര്‍ദാന്‍ കാബിനറ്റ് ഓഫീസിന് സമീപവും ആയിരക്കണക്കിന് പേര്‍ ഒത്തുകൂടി പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി ഉടന്‍ രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഹാനി അല്‍മുല്‍കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്‍കം ടാക്‌സില്‍ അഞ്ച് ശതമാനമാണ് വര്‍ധനവ് വരുത്തിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തി.

2016ലാണ് ഹാനി അല്‍മുല്‍കി അധികാരത്തിലേറുന്നത്. പ്രദേശിക സംഘര്‍ഷങ്ങളും അഭയാര്‍ഥി പ്രവാഹവും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന വലിയ വെല്ലുവിളിയായിരുന്നു അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് മുമ്പിലുണ്ടായിരുന്നത്. അതിന്റെ ഭാഗമായിരുന്നു ഇന്‍കം ടാക്‌സില്‍ വരുത്തിയ വര്‍ധന. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെ ഇന്നലെ വൈകിട്ട് അദ്ദേഹം കണ്ടിരുന്നു.

പ്രതിഷേധവുമായി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നതെന്നും അവരുടെ പ്രതിഷേധം സര്‍ക്കാറിനെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കമെന്നും ജോര്‍ദാന്‍ പ്രസ് സിന്‍ഡിക്കേറ്റ് അംഗം ഹിബ ക്വന്‍തര്‍ പറഞ്ഞു. പ്രധാനമന്ത്രി ഹാനി അല്‍മുല്‍കി അധികാരമൊഴിഞ്ഞ സാഹചര്യത്തില്‍, ജനങ്ങളുടെ ഇടയില്‍ ഏറ്റവും സ്വാധീനമുള്ള വിദ്യാഭ്യാസ മന്ത്രി ഉമര്‍ അല്‍റസ്സക്കായിരിക്കും അടുത്ത നറുക്കുവീഴുകയെന്ന് കണക്കാക്കപ്പെടുന്നു.