ഭീഷണിപ്പെടുത്തി ഭരിക്കുന്ന യു എസിനെ ലോക രാജ്യങ്ങള്‍ ചോദ്യം ചെയ്യണം: ഇറാന്‍

Posted on: June 5, 2018 6:16 am | Last updated: June 5, 2018 at 12:24 am
SHARE

തെഹ്‌റാന്‍: ഭീഷണിപ്പെടുത്തി ഭരിക്കുന്ന അമേരിക്കയെ ലോക രാജ്യങ്ങള്‍ നട്ടെല്ല് നിവര്‍ത്തി ചോദ്യം ചെയ്യണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിലൂടെ ഇറാന് സംഭവിച്ച നഷ്ടങ്ങള്‍ പരിഹരിക്കാന്‍ കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ തയ്യാറാകണം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ നേരത്തെ നിശ്ചയിച്ചുറപ്പിച്ചത് പോലുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനാകൂ. ആണവ കരാറിലെത്തുന്നത് വര്‍ഷങ്ങള്‍ നീണ്ട നയതന്ത്ര ചര്‍ച്ചകളിലൂടെയും വലിയ വിട്ടുവീഴ്ചകളിലൂടെയുമായിരുന്നു. എന്തായാലും അമേരിക്ക ആവശ്യപ്പെടുന്നത് പോലെയാണെങ്കില്‍ 2015ല്‍ ലോക രാജ്യങ്ങളുമായി ഇറാന്‍ ധാരണയിലെത്തിയ ആണവ കരാറുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല. അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്മാറിയത് നിയമവിരുദ്ധമായാണ്. ഇതിന് പുറമെ, അമേരിക്കയുടെ പക്ഷത്തേക്ക് മറ്റു രാജ്യങ്ങളിലെ സര്‍ക്കാറിനെയും ഭീഷണിപ്പെടുത്തി ചേര്‍ത്തുനിര്‍ത്താനാണ് ഇപ്പോള്‍ ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന തുടങ്ങിയ വന്‍കിട രാജ്യങ്ങള്‍ ഇപ്പോഴും ഇറാനുമായുള്ള ആണവ കരാറുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഇറാനെ ആണവ ശക്തിയാകുന്നതില്‍ നിന്ന് വിലക്കാന്‍ ഇത്തരമൊരു കരാര്‍ അനിവാര്യമാണെന്നും അമേരിക്ക പിന്മാറുന്നതിനാല്‍ ബാക്കിയെല്ലാ രാജ്യങ്ങളും പിന്മാറുകയെന്നത് ഉണ്ടാകുന്നില്ലെന്നും ഈ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. കരാറിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം അവസാനം ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും ഉള്‍പ്പടെയുള്ളവര്‍ അമേരിക്കയുടെ ഈ നീക്കത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ആണവ കരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക, ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കരാറുമായി മുന്നോട്ടുപോകാന്‍ ചില നിബന്ധനകള്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈ മുന്നോട്ടുവെച്ചിരുന്നു. ഇറാനുമായുള്ള വ്യാപാരം സുരക്ഷിതമാക്കുക, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാക്കുന്ന തടസ്സങ്ങള്‍ ഒഴിവാക്കുക എന്നതാണ് മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here