Connect with us

International

ഗ്വാട്ടിമലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 25 മരണം

Published

|

Last Updated

ഗ്വാട്ടിമലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിപ്പോയ ബാലികയെ സൈനികന്‍ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നു.

ഗ്വാട്ടിമല: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 25 പേര്‍ മരിച്ചു. 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗ്വാട്ടിമലയില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ചുറ്റുഭാഗങ്ങളിലേക്കും ലാവയും ചാരവും എത്തിയതായി ഗ്വാട്ടിമല ദുരന്തനിവാരണ വിഭാഗം അറിയിച്ചു. അതേസമയം, പ്രദേശവുമായി ഇനിയും കൃത്യമായ ആശയവിനിമയം സാധിക്കാത്തതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന് ഭയപ്പെടുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികള്‍ കൂടി ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിപര്‍വതത്തിന്റെ പരിസരപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരില്‍ 3100ലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഗ്വാട്ടിമല സൈന്യം അറിയിച്ചു.

ചാരത്തില്‍ മുങ്ങിയ കുട്ടികളെ വീടുകളില്‍ നിന്ന് സൈനികര്‍ തോളിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി ജിമ്മി മോറല്‍സ് അടിയന്തര നടപടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അഗ്നിപര്‍വതത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. അഗ്നിപര്‍വതം ഏത് നിമിഷവും ലാവയും ചാരവും പുറംന്തള്ളാവുന്ന സാഹചര്യത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.