തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമ്മര്‍ദതന്ത്രവുമായി ജെ ഡി (യു)

  • ബിഹാറില്‍ എന്‍ ഡി എയുടെ മുഖം നിതീഷാണെന്ന് ജെ ഡി (യു)
  • മുഖം മോദി തന്നെയെന്ന് ബി ജെ പി
Posted on: June 5, 2018 6:10 am | Last updated: June 5, 2018 at 12:14 am

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറില്‍ കൂടുതല്‍ സീറ്റ് ലഭിക്കാനുള്ള സമ്മര്‍ദതന്ത്രവുമായി ജനതാ ദള്‍ (യു). ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും ബിഹാറിലെ മുന്നണിയുടെ മുഖമെന്ന് ജെ ഡി (യു) ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പ്രഖ്യാപിച്ചു. എന്‍ ഡി എയുടെ പ്രധാന യോഗം കൂടുന്നതിന് മൂന്ന് ദിവസം മുമ്പാണ് ജെ ഡി (യു)വിന്റെ ഒരു മുഴം മുമ്പേയുള്ള നീക്കം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും നിതീഷ് കുമാറിന്റെ പ്രവര്‍ത്തന മികവിലുമായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുകയെന്ന് ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ടും നോട്ട് നിരോധത്തിനെതിരെ അഭിപ്രായം പറഞ്ഞും നിതീഷ് ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയോട് പരാജയപ്പെട്ടതും നിതീഷിനെ അലോസരപ്പെടുത്തുന്നുണ്ട്.

ത്യാഗിയും മറ്റൊരു ദേശീയ ജനറല്‍ സെക്രട്ടറിയായ പവന്‍ വര്‍മയും 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി (യു)വിന്റെ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും നിതീഷ് കുമാറുമായി അദ്ദേഹത്തിന്റെ വസതിയില്‍ നാല് മണിക്കൂറിലേറെ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറില്‍ എന്‍ ഡി എയുടെ മുഖമാണ് നിതീഷെന്നും മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍ കീഴിലായിരിക്കണം ബി ജെ പിയും എല്‍ ജെ പിയും ആര്‍ എല്‍ എസ് പിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ടതെന്നും വര്‍മ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിക്കാനുള്ള സമ്മര്‍ദ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. സീറ്റ് പങ്കുവെക്കല്‍ നേരത്തെയാക്കണമെന്ന് ആര്‍ എല്‍ എസ് പി നേതാവ് ഉപേന്ദ്ര കുശ്‌വാഹയും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി, എല്‍ ജെ പി, ആര്‍ എല്‍ എസ് പി കക്ഷികളാണ് എന്‍ ഡി എയിലുണ്ടായിരുന്നത്. ഏഴ് സീറ്റുകളില്‍ ആറെണ്ണത്തില്‍ എല്‍ ജെ പിയും നാലെണ്ണത്തില്‍ മൂന്ന് സീറ്റ് ആര്‍ എല്‍ എസ് പിയും 29 സീറ്റുകളില്‍ 22 എണ്ണത്തില്‍ ബി ജെ പിയും ജയിച്ചു. ഇപ്രാവശ്യം ജെ ഡി (യു) വന്നതോടെ എല്‍ ജെ പിയുടെയും ആര്‍ എല്‍ എസ് പിയുടെയും സീറ്റ് ഓഹരി കുറയും. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ബി ജെ പിയെ സമ്മര്‍ദത്തിലാക്കി കൂടുതല്‍ സീറ്റ് നേടാനുള്ള ജെ ഡി (യു)വിന്റെ നീക്കം. വ്യാഴാഴ്ചയാണ് എന്‍ ഡി എ യോഗം. കഴിഞ്ഞ ദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ബിഹാറിന് പ്രത്യേക പദവി ആവശ്യം കൂടുതല്‍ ശക്തമാക്കുമെന്ന് ജെ ഡി (യു) നേതാക്കള്‍ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ബി ജെ പിക്കും ജെ ഡി (യു)വിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നത് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ മുഖം മോദിയാണെന്നും ബിഹാറിന്റെത് നിതീഷാണെന്നും അദ്ദേഹം പറഞ്ഞു.