ഇന്ധന വില രീതി പുനഃപരിശോധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

സംസ്ഥാനങ്ങള്‍ നികുതി കുറക്കണം
Posted on: June 5, 2018 6:08 am | Last updated: June 5, 2018 at 12:12 am
SHARE

അഹമ്മദാബാദ്: ഇന്ധന വില കുത്തനെ കൂടുന്നതില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും പരിഹാര നടപടികളോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രതിദിനം പെട്രോള്‍- ഡീസല്‍ വില നിശ്ചയിക്കുന്ന രീതി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. എണ്ണ വില വര്‍ധിക്കുന്നതില്‍ സര്‍ക്കാറിന് ഉത്കണ്ഠയുണ്ട്. ശാശ്വത പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ആദ്യ എല്‍ എന്‍ ജി കാര്‍ഗോയെ സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കൊരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളും സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വെക്കണം. ധനസമാഹരണത്തിനുള്ള അവസരമായി സംസ്ഥാന സര്‍ക്കാറുകള്‍ കാണരുത്. നേരത്തേ കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വെച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇതിനെ രാഷ്ട്രീയമായി കാണേണ്ട. കഴിഞ്ഞ നവംബറില്‍ മറ്റ് ചില സംസ്ഥാനങ്ങളും വില കുറച്ചിരുന്നു. മുന്‍ യു പി എ സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. ക്രൂഡോയില്‍ വിലയുടെ ചാഞ്ചാട്ടവും രൂപയുടെ മൂല്യത്തിലെ ഇടിവുമാണ് വില വര്‍ധനവിന് അടിസ്ഥാന കാരണമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില കുറക്കുന്നതിന് കേന്ദ്രം മുന്‍കൈയെടുക്കേണ്ടതില്ലെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധന വിലക്കനുസരിച്ച് വര്‍ധിക്കുന്ന നികുതി ഘടനയാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. ഇന്ധനവില കുറക്കുന്നതിന്റെ ഭാരം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്രനയങ്ങള്‍ ആസുത്രണം ചെയ്യുന്ന പരമോന്നത സമിതിയുടെയും നിലപാട്.