സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി

Posted on: June 5, 2018 6:02 am | Last updated: June 5, 2018 at 12:10 am
SHARE

ബെംഗളൂരു: കഴിഞ്ഞ ദിവസത്തെ യു പി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹാളിലേക്ക് പ്രവേശിപ്പിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടക കാര്‍വാര്‍ സ്വദേശിയായ വരുണ്‍ ചന്ദ്ര (26) ആണ് ഡല്‍ഹി രാജേന്ദ്ര നഗറിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഞായറാഴ്ച പരീക്ഷയെഴുതാന്‍ ഉത്തര ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലുള്ള പരീക്ഷാ സെന്ററിലാണ് വരുണ്‍ എത്തിയത്. എന്നാല്‍, സമയം വൈകിയതിനാല്‍ പരീക്ഷയെഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല.

സിവില്‍ സര്‍വീസ് പരീക്ഷക്കായി ദീര്‍ഘനാളായി വരുണ്‍ പരിശീലനം നടത്തിവരികയായിരുന്നു. വരുണിന്റെ ഫോണിലേക്ക് പല തവണ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ വീട്ടില്‍ വന്നു നോക്കിയ സഹപാഠികളാണ് മരിച്ച നിലയില്‍ കണ്ടത്.

വീടിന് പുറത്തുനിന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജനല്‍ വഴി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കാണുകയായിരുന്നു. മൃതദേഹത്തിനരികില്‍ നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തന്നോട് ക്ഷമിക്കണമെന്നും എല്ലാവരും മറക്കണമെന്നും കുറിപ്പില്‍ എഴുതിയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന് കീഴിലെ കുമത റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രനാണ് വരുണിന്റെ പിതാവ്.