ചെറുക്കാം, പ്ലാസ്റ്റിക് മലിനീകരണം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ ഇന്ന് ഒത്തുകൂടുക പ്ലാസ്റ്റിക് ദുരന്തം ഒഴിവാക്കുക എന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ്. പ്ലാസ്റ്റിക് മലിനീകരണം വിനോദസഞ്ചാരം, കുടിവെള്ള മാര്‍ക്കറ്റ്, കാര്‍ഷിക മേഖല, വ്യവസായം, സമുദ്ര ഭക്ഷണം എന്നിവയെ ബാധിച്ചു കഴിഞ്ഞു. കടല്‍ ജീവികള്‍, പക്ഷികള്‍, പവിഴപ്പുറ്റുകള്‍, വന്യജീവികള്‍, മത്സ്യമേഖല എന്നിവയെ എല്ലാം അതിഭീകരമായി നശിപ്പിക്കുകയാണ്.
Posted on: June 5, 2018 6:05 am | Last updated: June 5, 2018 at 12:03 am
SHARE

ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പരിപാടി ജൂണ്‍ അഞ്ചിന് ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം മൂലം പൊറുതിമുട്ടിയ ലോകരാജ്യങ്ങള്‍ ഈ വര്‍ഷം ഒത്തുകൂടുക പ്ലാസ്റ്റിക് ദുരന്തം ഒഴിവാക്കുക എന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ്. പ്ലാസ്റ്റിക് മലിനീകരണം വിനോദസഞ്ചാരം, കുടിവെള്ള മാര്‍ക്കറ്റ്, കാര്‍ഷിക മേഖല, വ്യവസായം, സമുദ്ര ഭക്ഷണം എന്നിവയെ ബാധിച്ചു കഴിഞ്ഞു. കടല്‍ ജീവികള്‍, പക്ഷികള്‍, പവിഴപ്പുറ്റുകള്‍, വന്യജീവികള്‍, മനുഷ്യന്‍, മത്സ്യമേഖല എന്നിവയെ എല്ലാം അതിഭീകരമായി നശിപ്പിക്കുകയാണ്. മനുഷ്യന്റെ ജീവന്‍ അപകടപ്പെടുത്തുന്ന മാരക രോഗങ്ങളാണ് പ്ലാസ്റ്റിക്കില്‍ നിന്നുള്ള രാസപദാര്‍ഥങ്ങള്‍ പുറത്തുവിടുന്നത്.

2014- ല്‍ ഒരു തിമിംഗലത്തിന്റെ വയറ്റില്‍ നിന്നു പൊട്ടിയ ഡി വി ഡി കേയ്‌സിന്റെ കഷണം കിട്ടിയപ്പോഴാണ് പ്ലാസ്റ്റിക് കടലിനെ ബാധിച്ചതിന്റെ വ്യപ്തി ലോകം അറിയുന്നത്. ഒരു ദശ ലക്ഷം കടല്‍ പക്ഷികളും ഒരു ലക്ഷം കടല്‍ സസ്തനികളും പ്രതിവര്‍ഷം പ്ലാസ്റ്റിക് മൂലം കൊല്ലപെടുന്നുണ്ട്. ആനയടക്കം ഒട്ടനവധി വന്യ ജീവികളും പ്ലാസ്റ്റിക് അകത്തുചെന്ന് മരിക്കുന്നുണ്ട്. പ്ലാസ്റ്റിക് വിഘടിച്ച് ഇല്ലാതാകണമെങ്കില്‍ 500 മുതല്‍ 1,000 വര്‍ഷം വരെ വേണം.

2030ല്‍ പ്ലാസ്റ്റിക് മലിനീകരണം ഇന്നത്തേതിന്റെ ഇരട്ടിയാകും. 2050 ഓടെ പ്ലാസ്റ്റിക് മലിനീകരണം നാലിരട്ടിയാകും. കടലില്‍ 2050 ആകുമ്പോള്‍ 895 ദശലക്ഷം മീനും 937 ദശലക്ഷം പ്ലാസ്റ്റിക്കും എന്ന അവസ്ഥയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്നുള്ള മീനിലും മറ്റ് സമുദ്ര ഭക്ഷണത്തിലും 50 ശതമാനത്തിലും പ്ലാസ്റ്റിക് ഉണ്ട്. ലോകത്തെ ജനങ്ങള്‍ കുടിക്കുന്ന 80 ശതമാനം കുടിവെള്ളത്തിലും പ്ലാസ്റ്റിക് ചെറിയ കണികകളായി ചേര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം 13 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് കടലിലെത്തുന്നുണ്ട്. കഴിഞ്ഞ 100 വര്‍ഷത്തില്‍ ഉണ്ടാക്കിയ പ്ലാസ്റ്റിക്കില്‍ കൂടുതല്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഉണ്ടാക്കി. 2016ല്‍ മാത്രം പ്ലാസ്റ്റിക് ഉത്പാദനത്തിനായി 17 ശതകോടി ബാരല്‍ ഓയില്‍ ഉപയോഗിച്ചു. അമേരിക്ക, മെക്‌സിക്കോ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് പാക്കിംഗിന് വേണ്ടി ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഒരു വീട്ടില്‍ നിന്നു പ്രതിമാസം ശരാശരി 1,200 പ്ലാസ്റ്റിക് ബാഗുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 2006 ല്‍ പ്ലാസ്റ്റിക് ബോട്ടില്‍ വില്‍പന വെറും 300 ശതകോടി ടണ്‍ ആയിരുന്നത് 2016 ആയപ്പോള്‍ 480 ശതകോടി ടണ്‍ ആയി. 14 ശതമാനം പ്ലാസ്റ്റിക്കിനു മാത്രമേ പുനര്‍ചംക്രമണ സാധ്യത ഉള്ളൂ. രണ്ട് ശതമാനം പ്ലാസ്റ്റിക് പുനരുപയോഗത്തിനു ഉപയോഗിക്കുന്നുണ്ട്. വേസ്റ്റ് പ്ലാസ്റ്റിക് വഴി 80 മുതല്‍ 120 ശതകോടി ഡോളറാണ് പ്രതിവര്‍ഷ നഷ്ടം.

പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം വേണം. ഇന്ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ ചര്‍ച്ച അതാകണം. നമ്മുടെ ജലാശയങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാറ്റണം. നാടുമുഴുവന്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം നടക്കണം. മുംബൈയില്‍ ജൂണ്‍ അഞ്ച് മുതല്‍ ഒരു തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍, സ്‌ട്രൊ, കപ്പുകള്‍, പ്ലേറ്റുകള്‍, ഫഌക്‌സ് ബാനറുകള്‍, പ്ലാസ്റ്റിക് പാക്കിംഗ് ഷീറ്റുകള്‍ എന്നിവയെല്ലാം നിരോധിക്കുകയാണ്. കേരളത്തിലും ഇത്തരം നടപടികള്‍ അനിവാര്യമാണ്.

നാം കുടിക്കുന്ന കുടിവെള്ളത്തിലൂടെ പ്ലാസ്റ്റിക്കിലെ രാസപദാര്‍ഥങ്ങളായ ബിസ്‌ഫെനോള്‍ എ യും, ഫ്താലേറ്റുകളും നമ്മുടെ ശരീരത്തിലെത്തും. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ വിവിധ ഡയോക്‌സിനുകളും ശ്വാസകോശത്തിലെത്തും. കരള്‍, കിഡ്‌നി, തലച്ചോറ്, ശ്വാസകോശം എന്നിവയെ ഈ രാസപദാര്‍ഥങ്ങള്‍ പ്രതികൂലമായി ബാധിക്കും. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ലോകം ഒന്നാകെ ഗവേഷണത്തിലാണ്. ഗാല്ലറിയാ മേലൊന്നല്ല എന്ന പുഴുവിനെ ഉപയോഗിച്ച് പ്ലാസ്റ്റിക് വിഘടിക്കാമെന്നു ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പുഴുവിന്റെ ആമാശയത്തിലെ അമിനോ ആസിഡ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പ്ലാസ്റ്റിക് ഉത്പാദനത്തിനും ഉപയോഗത്തിനും എതിരെ നിയമ നിര്‍മാണം നടത്താന്‍ പ്രാദേശിക സര്‍ക്കാറുകള്‍ തയാറാകണം. കാര്യമായ നടപടികള്‍ കൊണ്ടു മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here