യുവതുര്‍ക്കികളുടെ പടപ്പുറപ്പാട്

Posted on: June 5, 2018 6:00 am | Last updated: June 5, 2018 at 12:03 am
SHARE

മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വേണ്ടി അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറിക്കൊടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. രാജ്യസഭയില്‍ കാലാവധി അവസാനിക്കുന്ന പി ജെ കുര്യന്റെ ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് വി ടി ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍, അനില്‍ അക്കര തുടങ്ങി പാര്‍ട്ടിയിലെ യുവനിര ഈ ആവശ്യവുമായി രംഗത്തുവന്നത്. കുര്യന് ഇനിയും രാജ്യസഭാ സീറ്റ് നല്‍കരുത്, വീണ്ടും വീണ്ടും തലമുതിര്‍ന്ന നേതാക്കളെ അയച്ചു രാജ്യസഭയെ പാര്‍ട്ടി വൃദ്ധസദനമാക്കരുത്, ഭരണഘടനയെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലിരിക്കുന്ന ഇന്നത്തെ ഘട്ടത്തില്‍ അവര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കെല്‍പ്പുള്ള യുവാക്കളാണ് പാര്‍ലിമെന്റിന്റെ പ്രതിപക്ഷ നിരയില്‍ വരേണ്ടത്, 65 വയസ്സ് കഴിഞ്ഞ നേതാക്കള്‍ പാര്‍ട്ടി പാര്‍ലിമെന്ററി പദവികളില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞു മുഴുവന്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകരായി മാതൃക കാട്ടണം എന്നൊക്കെയാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. മരണം വരെ പാര്‍ലിമെന്റിലോ അസംബ്ലിയിലോ ഉണ്ടാകണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപം. അവരെ മാറ്റാന്‍ പാര്‍ട്ടി തയാറായില്ലെങ്കില്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ലെന്ന് റോജി എം ജോണ്‍ എം എല്‍ എ ഫേസ്ബുക്കില്‍ കുറിക്കുന്നു. ലോക്‌സഭയില്‍ ആറ് ടേമും രാജ്യസഭയില്‍ മൂന്ന് ടേമും പൂര്‍ത്തിയാക്കിയ കുര്യന്‍ മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരവും. പകരം ഷാനി മോള്‍ ഉസ്മാനെയാണ് യുവ നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതുവഴി മുസ്‌ലിം പ്രാതിനിധ്യത്തിന് ശബ്ദമുയര്‍ത്തുന്നവരെയും തൃപ്തിപ്പെടുത്താനാകും.

പി പി തങ്കച്ചന് ഇനിയും യു ഡി എഫ് കണ്‍വീനര്‍ പദവി നല്‍കുന്നതിനോടും ഇവര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. എ കെ ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കളും കളം വിടാന്‍ സമയമായെന്ന് അഭിപ്രായമുള്ളവരുമുണ്ട് യുവനിരയില്‍. തുറന്നു പറയാന്‍ തയാറാകുന്നില്ലെന്ന് മാത്രം. രാജ്യസഭാംഗമെന്ന നിലയില്‍ എ കെ ആന്റണിയും രവിയും പരാജയമാണെന്ന് ഇതിനിടെ ഒരു ദേശീയ പത്രം കണക്കുകള്‍ നിരത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. 2009 ജൂണ്‍ ഒന്നു മുതല്‍ 2018 ഏപ്രില്‍ ആറു വരെയള്ള കാലയളവില്‍ ആന്റണി സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. പത്ത് ചര്‍ച്ചകളില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. അതേസമയം ദേശീയ തലത്തില്‍ എം പിമാര്‍ പങ്കെടുത്ത ചര്‍ച്ചകളുടെ ശരാശരി എണ്ണം 91.1 ഉം സംസ്ഥാന തലത്തില്‍ 140 ഉം വരും. ചോദ്യങ്ങളുടെ ദേശീയ ശരാശരി 725 ഉം സംസ്ഥാന ശരാശരി 523ഉം ആണ്. വയലാര്‍ രവി 2009 ജൂണ്‍ ഒന്ന് മുതല്‍ 2018 ഏപ്രില്‍ ആറ് വരെയള്ള കാലഘട്ടത്തില്‍ വെറും 31 ചോദ്യങ്ങളാണ് ഉന്നയിച്ചത്. പങ്കെടുത്ത ചര്‍ച്ചകളുടെ എണ്ണം വെറും അഞ്ചും.

ചെങ്ങന്നൂരിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നത്തിന്റെ ഭാഗമല്ല യുവാക്കളുടെ പടപ്പുറപ്പാട്. കേരളത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഷങ്ങളായി ഉന്നയിച്ചു വരുന്നതാണ് തലമുറ മാറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ദശാബ്ദങ്ങളായി തുടര്‍ച്ചയായി നിയമ സഭയിലേക്ക് മത്സരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും കെ സി ജോസഫിനും സീറ്റ് നല്‍കുന്നതിനെതിരെ പോലും അപസ്വരങ്ങള്‍ ഉയര്‍ന്നു. സി ആര്‍ മഹേഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി രാജി വെച്ചത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കുറവായതില്‍ പ്രതിഷേധിച്ചായിരുന്നു. രാഹുല്‍ഗാന്ധിയും നേതൃസ്ഥാനങ്ങളില്‍ തലമുറ മാറ്റം വേണമെന്ന പക്ഷക്കാരനാണ്.

കെ എസ് യുവിലും യൂത്ത്‌കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച കാലത്ത് യുവനിരക്ക് വേണ്ടി വാദിച്ചവരാണ് ഇന്ന് അധികാര കേന്ദ്രങ്ങളിലിരിക്കുന്ന നേതാക്കളില്‍ പലരും. ഉന്നത പദവികള്‍ കൈവന്നപ്പോള്‍ പഴയ ആദര്‍ശം അവര്‍ വിസ്മരിക്കുകയും കിട്ടിയ സ്ഥാനം തറവാട്ട് സ്വത്തെന്ന പോലെ കൈയടക്കി വെച്ചിരിക്കയുമാണ്. ദേശീയ നേതൃത്വത്തെ സ്വാധീനിച്ചാണ് ഇവരില്‍ പലരും വീണ്ടും വീണ്ടും തിരഞ്ഞെടുപ്പുകളില്‍ ടിക്കറ്റ് നേടുന്നത്. ദേശീയ തലത്തില്‍ വന്‍ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കയാണ് കോണ്‍ഗ്രസ്. ദേശീയ രാഷ്ട്രീയം നേരിടുന്ന പുതിയ വെല്ലുവിളികളെ നേരിടുന്നതില്‍ പഴയ നേതൃത്വത്തിന്റെ കഴിവുകേട് കൂടിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എഴുപത്തഞ്ചും എണ്‍പതും കടന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പഴയത് പോലെ ഊര്‍ജ്വ സ്വലതയോടെ പ്രവര്‍ത്തിക്കാനാകുന്നില്ല. അതേസമയം അവസരത്തിനായി കാത്തിരിക്കുന്ന പ്രാപ്തരും, പ്രവര്‍ത്തന സജ്ജരും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള യുവനേതാക്കള്‍ പാര്‍ട്ടിയില്‍ ധാരാളമുണ്ട്. പ്രായം കടന്ന നേതാക്കള്‍ ഇവര്‍ക്കായി മാറിക്കൊടുത്താല്‍ പാര്‍ട്ടിക്ക് അത് പുതിയ ഉണര്‍വ് സൃഷ്ടിച്ചേക്കും. കൊല്‍ക്കത്തയില്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേശ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്നും തലമുതിര്‍ന്ന നേതാക്കള്‍ സ്വയം മാറിക്കൊടുത്തു പുതിയ നേതൃത്വത്തിന് വഴി കാട്ടികളും ഉപദേശകരുമായി പ്രവര്‍ത്തിക്കണമെന്നുമാണ് പൈലറ്റിന്റെ അഭിപ്രായം. സ്വന്തം ഇമേജിനും വ്യക്തിപരമായ നേട്ടങ്ങങ്ങള്‍ക്കുമല്ല, പാര്‍ട്ടിയുടെ നന്മക്കും നേട്ടത്തിനുമായിരിക്കണം ഒരു നല്ല നേതാവ് പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here