നോട്ട് നിരോധത്തിന് ശേഷം 24,000 കോടിയുടെ അനധികൃത നിക്ഷേപം നടന്നു

Posted on: June 5, 2018 6:03 am | Last updated: June 4, 2018 at 11:57 pm
SHARE

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന് ശേഷം രാജ്യത്ത് 24,000 കോടിയോളം രൂപയുടെ അനധികൃത നിക്ഷേപം നടന്നതായി കണ്ടെത്തി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത 73,000 കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി 24,000 കോടിയോളം വരുന്ന അനധികൃത നിക്ഷേപമാണ് ബേങ്കുകളില്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം തടയുന്നതിനായി കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം, 2.26 ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു.
വ്യാജ മേല്‍വിലാസമടക്കമുള്ള കടലാസുകമ്പനികളുടെ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ചില കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇത്തരത്തിലുള്ള കമ്പനികളുടെ അക്കൗണ്ടുകള്‍ വഴിയാണ് നോട്ട് നിരോധത്തിന് പിന്നാലെ വ്യാപകമായ രീതിയില്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്.

ഏകദേശം 1.68 ലക്ഷം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് നോട്ട് നിരോധത്തിന് ശേഷം കോടികളുടെ നിക്ഷേപമുണ്ടായിട്ടുണ്ട്. 1.68 ലക്ഷം കമ്പനികളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അവയില്‍ 73,000 കമ്പനികള്‍ 24,000 കോടി രൂപ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്.

സര്‍ക്കാറിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിരവധി കമ്പനികള്‍ അനധികൃത മൂലധനം നിക്ഷേപിക്കുന്നതായി സംശയിക്കുന്നുണ്ട്. 19 കമ്പനികളെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയാണെന്നും കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here