Connect with us

Kerala

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി

Published

|

Last Updated

തിരുവനന്തപുരം: ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിന് 1.10 കോടി രൂപ, ജനനി ഫെര്‍ട്ടിലിറ്റി സെന്ററിന് 25 ലക്ഷം രൂപ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി രൂപ, സംസ്ഥാന ഹോമിയോപ്പതി കോഓപറേറ്റീവ് ഫാര്‍മസിയായ ഹോംകോ ക്കുള്ള ധനസഹായമായി 75 ലക്ഷം രൂപ, ഹോമിയോപ്പതി വകുപ്പിന്റെ ആധുനികവത്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും 7.50 കോടി രൂപ, ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതിക്കായി 7.30 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.

ഇതുകൂടാതെ ഹോമിയോ ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന വിഹിതമായ അഞ്ച് കോടി രൂപയും അനുവദിച്ചു. ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനുമുള്ള മൂലധന സഹായമായി നല്‍കുന്ന മൂന്ന് കോടി രൂപയില്‍ എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിക്കായി രണ്ട് കോടി രൂപയും തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്ക് ഒരു കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഹോംകോയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. ഹോമിയോപ്പതി വകുപ്പിന്റെ ആധുനികവത്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഹോമിയോപ്പതി ആശുപത്രികളെ എന്‍ എ ബി എച്ച് നിലവാരത്തില്‍ ഉയര്‍ത്തുക, ഹോമിയോ ഡിസ്‌പെന്‍സറികളെ മോഡല്‍ ഡിസ്‌പെന്‍സറികളാക്കുക, നിലവിലുള്ള മോഡല്‍ ഡിസ്‌പെന്‍സറികളെ ശക്തിപ്പെടുത്തുക, ആശുപത്രികളില്‍ ക്ലിനിക്കല്‍ ലാബ് സ്ഥാപിക്കുക, ഇഗവര്‍ണേഴ്‌സ് നടപ്പാക്കുക, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നവീകരണം, ജില്ലാ മെഡിക്കല്‍ സ്‌റ്റോറിന്റെ നിര്‍മാണം എന്നിവക്കാണ് 7.5 കോടി രൂപ അനുവദിച്ചത്. ഇതില്‍ ജനനി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ വികസനത്തിന് 1.45 കോടി രൂപയാണ് അനുവദിച്ചത്.

ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതി പ്രകാരം വിമന്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ സീതാലയം, ഇന്‍ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഡി അഡീഷന്‍ സെന്റര്‍, പകര്‍ച്ചവ്യാധി പ്രതിരോധം, തിരുവനന്തപുരത്തും ഇടുക്കിയിലുമുള്ള ഹോമിയോപ്പതി സ്‌പെഷ്യാലിറ്റി കെയര്‍ സെന്റര്‍, കണ്ണൂര്‍ സ്ത്രീകളുടെയും കുട്ടികളുടെയും കെയര്‍ സെന്റര്‍, ജെറിയാട്രിക് സെന്ററുകള്‍, ഇടുക്കിയിലേയും വയനാട്ടിലേയും സ്‌പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക്, കൗമാരക്കാര്‍ക്കായുള്ള ക്ലിനിക്കുകള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഹോണറേറിയത്തിനും വേണ്ടിയാണ് 7.3 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.

Latest