കായിക പരിശീലനത്തിന് അനുമതി നല്‍കിയ സ്‌കൂളുകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

ആര്‍ എസ് എസ് പരിശീലനം പോലീസ് നിരീക്ഷണത്തില്‍
Posted on: June 5, 2018 6:06 am | Last updated: June 4, 2018 at 11:44 pm
SHARE

തിരുവനന്തപുരം: ആരാധനാലയങ്ങളിലുള്‍പ്പെടെ ആയുധ പരിശീലനം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പോലീസ് നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇത് തടയുന്നതിന് നിയമനിര്‍മാണം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് ആര്‍ എസ് എസ് നടത്തുന്ന എല്ലാ കായിക ആക്രമണ പരിശീന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയ വിദ്യാലയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

കൂത്തുപറമ്പ്, തൊക്കിലങ്ങാടി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാറശ്ശാല ഭാരതീയ വിദ്യാപീഠം അണ്‍ എയ്ഡഡ് സ്‌കൂളിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കുമായി പഠനക്യാമ്പും പരിശീലനക്കളരിയും സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ നടത്തിയതായി വ്യക്തമായിട്ടുണ്ട്. സ്‌കൂള്‍ വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താ ന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നിലനില്‍ക്കെ സ്‌കൂളുകള്‍ക്ക് ഇത്തരം അനുമതി നല്‍കിയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാലക്കാട്ട് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാധാരണ നടക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണ് ഇത്തരം ആയുധ പരിശീലനം. ശില്‍പ്പശാലക്കോ സെമിനാറിനോ വേണ്ടിയാണ് അനുമതി തേടുന്നത്. എന്നാല്‍ ആയുധമുറകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് ക്യാമ്പുകളിലൂടെ പരിശീലനം നല്‍കുന്നത്. തീവ്രവാദ സ്വഭാവമുള്ളതോ തീവ്രവാദ സംഘടനകളോ കേരളത്തില്‍ ആയുധപരിശീലനം നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ പ്രചാരണത്തിന് ആത്മീയതയെ മറയാക്കുന്ന പ്രവണതയും വര്‍ധിക്കുകയാണ്. ജനങ്ങളെ വിഭജിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. ആര്‍ എസ് എസ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഒട്ടേറെ സംവിധാനങ്ങ ള്‍ സ്വീകരിച്ചിട്ടുണ്ട്. അതിലൊന്നെടുത്ത് ‘ഇതാണ് ആര്‍ എസ് എസ്’ എന്ന് വിധിപറയാനാകില്ല. അവരുടെ ചില സ്‌കൂളുകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിശ്വാസികളുടെ കേന്ദ്രമാണ് ക്ഷേത്രങ്ങള്‍. ഇവയെ ഒരിക്കലും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാറിനൊപ്പം പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. ക്ഷേത്രങ്ങളിലെ ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്തുവരികയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here