Connect with us

Kerala

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി അധ്യക്ഷ പദവിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായതോടെ അഴിച്ചുപണി നീക്കങ്ങള്‍ക്ക് വേഗം കൂട്ടി ഹൈക്കമാന്‍ഡ്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അന്തിമ തീരുമാനം എടുക്കാന്‍ കഴിയും വിധം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ യു ഡി എഫ് കണ്‍വീനറെയും കെ പി സി സി പ്രസിഡന്റിനെയും രാജ്യസഭയിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയെയും ഒരുമിച്ച് പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍ തുടങ്ങിയ പോരാട്ടം ലക്ഷ്യം കാണുന്നുവെന്നാണ് സൂചന.
കേരളത്തിലെ ഇരു ഗ്രൂപ്പുകള്‍ക്കും സ്വീകാര്യനായ ഒരാളെ കെ പി സി സി പ്രസിഡന്റാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. മുന്‍ വൈസ് പ്രസിഡന്റും എം പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് പദവിയിലേക്ക് പരിഗണിക്കുന്നത്. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും സാമുദായിക പരിഗണന പ്രതികൂല ഘടകമാണ്. മുല്ലപ്പള്ളി പ്രസിഡന്റാകുകയാണെങ്കില്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഒരാളെ പരിഗണിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ ബെന്നി ബെഹ്‌നാന്‍, കെ സി ജോസഫ് എന്നിവരിലൊരാളെ പരിഗണിക്കും. കെ വി തോമസ് എം പിയും കെ പി സി സി പ്രസിഡന്റ് പദവിക്കായി ചരടുവലി നടത്തുന്നുണ്ടെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിയും സോണിയയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ കെ വി തോമസിന്റെ ഇടപെടല്‍ നിര്‍ണായകമാണ്. ആരായാലും നിലവില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ അധ്യക്ഷ പദവിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സച്ചിന്‍ പൈലറ്റിനെ രാജസ്ഥാനിലും കമല്‍നാഥിനെ മധ്യപ്രദേശിലും പി സി സി അധ്യക്ഷന്മാരാക്കിയതിന് സമാനമായ നീക്കമാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്.

വി എം സുധീരനെ അധ്യക്ഷനാക്കി കൈപൊള്ളിയതിനാല്‍ ഗ്രൂപ്പുകള്‍ക്ക് സ്വീകാര്യനല്ലാത്ത ഒരാളെ ഇനി കെ പി സി സി തലപ്പത്ത് നിയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാണിക്കുകയുമില്ല. പി ജെ കുര്യനെ വീണ്ടും രാജ്യസഭയില്‍ അയക്കരുതെന്ന സംസ്ഥാന കോണ്‍ഗ്രസിലെ പൊതുവികാരം ഹൈക്കമാന്‍ഡും അംഗീകരിച്ചിട്ടുണ്ട്.

സീറ്റിന് വേണ്ടി സമ്മര്‍ദം തുടര്‍ന്ന പി ജെ കുര്യനെ എ കെ ആന്റണി ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. കുര്യനെതിരെ കലാപം ഉയര്‍ത്തിയ യുവ എം എല്‍ എമാരുടെ നിലപാട് അവഗണിച്ചാല്‍ ദോഷം ചെയ്യുമെന്ന് കണ്ടതോടെയാണ് ആന്റണിയുടെ ഇടപെടല്‍. ഇനി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് തനിക്കെതിരെ പ്രതികരിച്ച എം എല്‍ എമാരെ വിമര്‍ശിച്ച് കുര്യന്‍ രംഗത്തുവന്നത്. രാജ്യസഭയിലേക്ക് ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദീഖ് എന്നിവരിലൊരാളെ പരിഗണിച്ചേക്കും.

കെ പി സി സി അധ്യക്ഷ പദവിയും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനവും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് നല്‍കി രാജ്യസഭയിലേക്ക് മുസ്‌ലിം വിഭാഗത്തില്‍ നിന്നൊരാളെ പരിഗണിക്കുകയെന്ന ഫോര്‍മുലയാണ് രൂപപ്പെടുന്നത്. രാജ്യസഭയിലേക്ക് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Latest