Connect with us

Gulf

ക്രിയേറ്റിവ് സിറ്റി ഓഫ് ഡിസൈന്‍; ദുബൈ നഗരം യുനെസ്‌കോ പട്ടികയില്‍

Published

|

Last Updated

“ദുബൈ സിറ്റി ഓഫ് ഡിസൈന്‍” ലോഗോ പ്രകാശനം

ദുബൈ: ദുബൈ നഗരം ഐക്യ രാഷ്ട്ര സഭക്ക് കീഴിലുള്ള യുനെസ്‌കോയുടെ ക്രിയേറ്റിവ് സിറ്റി ഓഫ് ഡിസൈന്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ലോകത്തു 24-ാമതും മിഡില്‍ ഈസ്റ്റില്‍ ആദ്യത്തേതുമായാണ് ദുബൈ സ്ഥാനം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുനെസ്‌കോ അധികൃതര്‍ പ്രഖ്യാപിച്ചതാണിക്കാര്യം. ഇതോടെ യുനെസ്‌കോയുടെ ക്രിയേറ്റിവ് സിറ്റീസ് നെറ്റ്വര്‍ക്കില്‍ (യു സി സി എന്‍) ദുബൈ ഉള്‍പ്പെട്ടു.

2004ലാണ് യു സി സി എന്‍ സ്ഥാപിതമായത്. നിലവില്‍ 72 രാജ്യങ്ങളില്‍ നിന്ന് 180 അംഗങ്ങളാണ് ഉള്ളത്. കല, കര കൗശലം, രൂപകല്‍പന, സിനിമ, സാഹിത്യം, സാഹിത്യാത്മക മാധ്യമ പ്രവര്‍ത്തനം എന്നിവയിലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടുന്ന നഗരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് യുനെസ്‌കോയുടെ പട്ടിക. ആധുനികമായ രീതിയിലും നിര്മാണാത്മകവുമായി ഗ്രാമങ്ങള്‍ വരെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രത്യേക മാനദണ്ഡങ്ങളോടെയുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന നഗരങ്ങളെ കൂടുതല്‍ മുനിരയിലേക്കെത്തിക്കുന്നതിനാണ് യുനെസ്‌കോയുടെ പദ്ധതി.

ദുബൈ നഗരത്തിന്റെ നേട്ടങ്ങളുടെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കുകയാണ്. ലോകോത്തരമായ മാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ച് ദുബൈ നഗരത്തെ ആഗോളതലത്തില്‍ ഒന്നാമതെത്തിക്കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രചോദങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ശൈഖ് മുഹമ്മദിന്റെ യു എ ഇ വിഷന്‍ 2021ന് കൃതജ്ഞത അറിയിക്കുന്നുവെന്നും ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുര്‍റഹ് മാന്‍ അല്‍ ഹാജിരി പറഞ്ഞു.
ക്രിയേറ്റിവ് നെറ്റവര്‍ക്കില്‍ ദുബൈ ഉള്‍പെട്ടതോടെ ദുബൈക്ക് യുനെസ്‌കോ സമ്മാനിച്ച പുതിയ ലോഗോയും പുതിയ പദ്ധതികളും വാര്‍ത്താ സമ്മേളത്തില്‍ പുറത്തിറക്കി. പദ്ധതിയുടെ ഭാഗമായി നിരവധി പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, ശില്പശാലകള്‍, പ്രൊമോഷണല്‍ ടൂര്‍സ്, സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവ നടത്തും.

മികച്ച രീതിയിലുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രയത്‌നിച്ച എക്‌സിക്യൂറ്റീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി, ദുബൈ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഡിസൈന്‍ ആന്‍ഡ് ഇന്നോവേഷന്‍, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട്, ദുബൈ ക്രീയേറ്റീവ് ക്ലസ്റ്റര്‍ അതോറിറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, സിറ്റി ബില്‍ഡേഴ്സ് എന്നിവക്ക് അല്‍ ഹാജിരി കൃതജ്ഞത പ്രകടിപ്പിച്ചു.

ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബസ്തി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി അഹ്മദ് അബ്ദുള്‍കരിം ജുല്‍ഫാര്‍, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട് സി ഇ ഓ മുഹമ്മദ് സഈദ് അല്‍ ഷെഹി, ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ആക്റ്റിംഗ് ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ നബൂദ, ദുബൈ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിസൈന്‍ ആന്‍ഡ് ഇന്നോവേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല, ആര്‍ ടി എക്ക് കീഴിലെ സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് ഗവര്‍ണന്‍സ് സെക്ടര്‍ എക്‌സിക്യൂറ്റീവ് ഡയറക്ടര്‍ നാസര്‍ ബുശിഹാബ്, പ്ലാനിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബദ്ര്‍ അല്‍ ഗര്‍ഗാവി, എന്‍ജിനീറിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ ബാരി, അര്‍ബന്‍ പ്ലാനിങ് ദുബൈ ക്രിയേറ്റിവ് ക്ലസ്റ്റര്‍ അതോറിറ്റി എക്‌സിക്യൂറ്റീവ് ഡയറക്ടര്‍ അഹ്മദ് ബുഖാഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

Latest