Connect with us

Kerala

12 മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി കേന്ദ്രം നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ 12 മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. പുതിയ മൂന്ന് മെഡിക്കല്‍ കോളജുകളുടേയും അംഗീകാരം പുതുക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച ഒമ്പത് കോളജുകളുടേയും പ്രവേശനത്തിന് അനുമതി നിഷേധിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ)യുടെ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി.

മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ച് പുതിയ മെഡിക്കല്‍ കോളജുകളായ പാലക്കാട് ഐ എം എസ്, ഇടുക്കി മെഡിക്കല്‍ കോളജ്, അടൂര്‍ ശ്രീ അയ്യപ്പ കോളജ് എന്നിവിടങ്ങളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞത്.

വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് കാണിച്ച് ഇടുക്കി മെഡിക്കല്‍ കോളജിനുള്ള പ്രവേശനാനുമതി നേരത്തെയും എം സി ഐ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രവേശനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവേശനത്തിനുള്ള അനുമതി വീണ്ടും നിഷേധിക്കപ്പെട്ടത്.

പാലക്കാട് ഗവ. മെഡിക്കല്‍ കോളജ്, കെ എം സി ടി മെഡിക്കല്‍ കോളജ് കോഴിക്കോട്, എസ് ആര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സയന്‍സ്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പാലക്കാട്, കേരള മെഡിക്കല്‍ കോളജ് പാലക്കാട്, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് പത്തനംതിട്ട, അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡി എം വയനാട് മെഡിക്കല്‍ കോളജ്, ഡോ. സോമര്‍വെല്‍ മെമ്മോറിയില്‍ മെഡിക്കല്‍ കോളജ് തീരുവന്തപുരം എന്നിവയുടെ പുതുക്കലിനുള്ള അപേക്ഷയും മന്ത്രാലയം തള്ളി. രാജ്യത്ത് മൊത്തം 82 മെഡിക്കല്‍ കോളജുകളുടെ അപേക്ഷകള്‍ ഇത്തരത്തില്‍ തള്ളിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഒമ്പത് മെഡിക്കല്‍ കോളജുകളിലെ സീറ്റ് വര്‍ധനവിനുള്ള അപേക്ഷയും തള്ളി.

മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന എം സി ഐയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നായി രാജ്യത്ത് മൊത്തം 68 മെഡിക്കല്‍ കോളുകളിലെ പ്രവേശനാനുമതിക്കുള്ള അപേക്ഷയാണ് എം സി ഐ നിര്‍ദേശത്തെത്തുടര്‍ന്ന് മന്ത്രാലയം തള്ളിയത്.

---- facebook comment plugin here -----

Latest