മമ്പാട് ബസും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം

Posted on: June 4, 2018 3:39 pm | Last updated: June 5, 2018 at 6:10 pm
SHARE
നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ കെ എന്‍ ജി റോഡിലുണ്ടായ വാഹനാപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഒമ്‌നി വാന്‍

മലപ്പുറം: നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ കെ എന്‍ ജി റോഡിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബസും ഒമ്‌നി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൈകുഞ്ഞടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവര്‍ അഞ്ച് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം.

മമ്പാട് പൊങ്ങല്ലൂര്‍ പരേതനായ ആലുങ്ങല്‍ മുഹമ്മദിന്റെ മകനും എടവണ്ണ ഒറിജിന്‍ ബേക്കറി ഉടമയുമായ അക്ബര്‍ അലി(43), അക്ബര്‍ അലിയുടെ സഹോദരിയും വണ്ടൂര്‍ തച്ചങ്ങോടന്‍ ഉസ്മാന്റെ ഭാര്യയുമായ നസീറ(29), നസീറയുടെ മകള്‍ ദിയ(എട്ട്), അക്ബര്‍ അലിയുടെ സഹോദരന്‍, നാസറിന്റെ ഭാര്യയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് കാരുണ്യയിലെ ഫാര്‍മസിസ്റ്റുമായ ശിഫ(21), അക്ബറിന്റെ സഹോദരിപുത്രി ശിഫ ആയിഷ(19) എന്നിവരാണ് മരിച്ചത്.

അക്ബര്‍ അലിയുടെ മാതാവ് ആഇശ(65), മക്കളായ നജ് വ(എട്ട്), മുഹ്‌സിന ശെറിന്‍(പത്ത്), സഹോദരി ഫൗസിയ(45), അക്ബര്‍ അലിയുടെ സഹോദരി നസീറയുടെ മക്കളായ ഹയ(മൂന്ന്), ഹിബ നസ്‌നി(13). മരിച്ച ശിഫ ആഇശയുടെ മകന്‍ റസല്‍ റഹിയാന്‍(നാല് മാസം), മരിച്ച ശിഫയുടെ മകള്‍ ശസ ഫാത്വിമ(പത്ത് മാസം) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിലമ്പൂര്‍ ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബാബു എന്ന സ്വകാര്യ ബസുമായാണ് അക്ബര്‍ അലിയുടെ കുടുംബം സഞ്ചരിച്ച വാന്‍ കൂട്ടിയിടിച്ചത്. എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന അക്ബര്‍ അലിയുടെ ഭാര്യ നസ്‌റീനയേയും കുഞ്ഞിനേയും സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു ഇവര്‍. റോഡിലെ വലിയ കുഴിയില്‍ വീഴാത വെട്ടിക്കുന്നതിനിടെ വാനിന്റെ മധ്യഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട വാന്‍ പിന്നിലെ കാറിലുമിടിച്ചു. ഇരുഭാഗവും പൂര്‍ണമായി തകര്‍ന്ന വാനിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് അക്ബര്‍ അലിയെ പുറത്തെടുത്തത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ട വിട്ടു നല്‍കും.