തീരദേശത്തെ ലീഗ്- സി പി എം അക്രമം: സമാധാന യോഗങ്ങള്‍ ചേരുന്നു

Posted on: June 4, 2018 10:40 am | Last updated: June 4, 2018 at 10:40 am
SHARE

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന തീരദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ലീഗ്- സി പി എം നേതാക്കളുടെ നാലാം ഘട്ട യോഗം രണ്ട് മേഖലകളിലായി നടന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്കെതിരെ നീങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും തീരദേശത്ത് അക്രമമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും ഇരുവിഭാഗം നേതാക്കളും വ്യക്തമാക്കി. മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കൂട്ടായി മേഖലാ യോഗം കൂട്ടായി എസ് എച്ച് എം യു പി സ്‌കൂളിലും വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ഉണ്യാല്‍ മേഖലാ യോഗം നിറമരുതൂര്‍ പഞ്ചായത്ത് ഓഫീസ് ഹാളിലും നടന്നു.
കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രകോപനപരമായ പ്രചാരണം ഒഴിവാക്കാനും തീരുമാനമായി. രണ്ട് മേഖലകളിലായി ജൂണ്‍ ഏട്ടിന് പ്രാദേശിക യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചു.

ഉണ്യാല്‍ മേഖലാ യോഗം വൈകിട്ട് നാല് മണിക്ക് ഉണ്യാല്‍ ഫിഷറീസ് സെന്ററിലും കൂട്ടായി മേഖലാ യോഗം ഉച്ചക്ക് രണ്ടിന് കൂട്ടായി എസ് എച്ച് എം യു പി സ്‌കൂളിലുമാണ് നടക്കുക. ഈ യോഗങ്ങളില്‍ ഇരു പാര്‍ട്ടികളുടെ ജില്ലാ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
ഉണ്യാല്‍ മേഖലയെ പുതിയ കടപ്പുറം, ഉണ്യാല്‍ സൗത്ത്, ഉണ്യാല്‍ നോര്‍ത്ത്, ആലിന്‍ചുവട്, പറവണ്ണ, പുത്തങ്ങാടി എന്നീ ആറ് ഭാഗങ്ങളായും കൂട്ടായി മേഖലയെ ആശാന്‍പടി, വടക്കേ കൂട്ടായി, അരയന്‍ കടപ്പുറം, തെക്കേ കൂട്ടായി, കൂട്ടായി ടൗണ്‍, പള്ളിവളപ്പ്, വാടിക്കല്‍, മൂന്നങ്ങാടി, പടിഞ്ഞാറെക്കര എന്നീ പത്ത് ഭാഗങ്ങളായും തിരിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും ഇരു പാര്‍ട്ടികളില്‍ നിന്നായി തിരഞ്ഞെടുക്കുന്ന അഞ്ച് വീതം പ്രവര്‍ത്തകരാണ് എട്ടിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. യോഗത്തില്‍ വെച്ച് അതാത് പ്രദേശങ്ങളില്‍ സമാധാന കമ്മിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയര്‍മാന്‍, കണ്‍വീനര്‍മാരെ പ്രഖ്യാപിക്കുകയും ചെയ്യും.

എട്ടിന്റെ യോഗത്തിന് മുമ്പായി ഓരോ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താന്‍ പരുക്ക് പറ്റിയവരെയും കുടുംബങ്ങളെയും മറ്റു പ്രവര്‍ത്തകരെയും നേരില്‍ കണ്ട് സമാധാന സന്ദേശം കൈമാറുവാനും തീരുമാനമായി. സമാന രീതിയില്‍ താനൂര്‍ തീരദേശത്തെ ഇരു പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരെ വീതം പങ്കെടുപ്പിച്ച് താനൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ വെച്ച് ഈ മാസം പത്തിന് വൈകീട്ട് മൂന്ന് മണിക്ക് യോഗം ചേരാന്‍ തീരുമാനിച്ചു. ജില്ലയുടെ തീരദേശ മേഖലകളെ പൂര്‍ണമായും സമാധാനത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ലീഗ്- സി പി എം നേതൃത്വത്തിന്റെ തീരുമാനം. കൂട്ടായി മേഖലാ സമാധാന യോഗത്തില്‍ എ പി അബൂബക്കര്‍ കുട്ടി അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here