Connect with us

Kerala

പാറക്കല്‍ അബ്ദുല്ല മാസ്‌കും കൈയുറയും ധരിച്ച് സഭയിലെത്തി; പ്രതിഷേധം, ബഹളം

Published

|

Last Updated

തിരുവനന്തപുരം: കുറ്റിയാടി എംഎല്‍എയും മുസ്‌ലിം ലീഗ് അംഗവുമായ പാറക്കല്‍ അബ്ദുല്ല നിയമസഭയില്‍ മാസ്‌കും കൈയുറയും ധരിച്ചെത്തിയത് വിവാദമായി. ഇതേച്ചൊല്ലി സഭയില്‍ ഭരണ,പ്രതിപക്ഷ ബഹളമുണ്ടായി. ചോദ്യോത്തര വേള നടന്നുകൊണ്ടിരിക്കെയാണ് പാറക്കല്‍ അബ്ദുല്ല മാസ്‌ക് ധരിച്ചത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍ പെട്ടത്. മാസ്‌ക് ധരിച്ചെത്തിയത് എന്തിനാണെന്ന് സ്പീക്കര്‍ ചോദിച്ചു. എംഎല്‍എയുടെ നടപടി അപഹാസ്യമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന പ്രത്യേക നിബന്ധനകള്‍ ഉണ്ടെന്നും വളരെ ഗൗരവമായ ഒരു ആരോഗ്യ പ്രശ്‌നം പ്രതിരോധിക്കുന്നതിനായി പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെ അപഹസിക്കുന്നതാണ് അബ്ദുല്ലയുടെ നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാറക്കല്‍ അബ്ദുല്ല കോമാളി വേഷം കെട്ടുകയാണെന്ന് ചില ഭരണപക്ഷ അംഗങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സര്‍ക്കാരും സമൂഹവും ഗൗരവത്തോടെ കാണുന്ന വിഷയത്തെ എംഎല്‍എ പരിഹാസത്തിന്റെ രീതിയിലാണ് കണ്ടതെന്നും ഇത് സര്‍ക്കാരിനെ അപഹസിക്കുന്നതായിപ്പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് ഭരണ പ്രതിപക്ഷ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ട് ഭരണപ്രതിപക്ഷ അംഗങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.