ചെങ്ങന്നൂരിന്റെ നാനാര്‍ഥങ്ങള്‍

Posted on: June 4, 2018 9:30 am | Last updated: June 4, 2018 at 9:30 am
SHARE

ബി ജെ പിയിലേക്ക് ഒഴുകിയ വോട്ടുകള്‍ തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ, ഹിന്ദു സ്വത്വത്തെ പ്രകടമായി രേഖപ്പെടുത്തുന്ന സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പക്ഷേ, വോട്ടുകളുടെ തിരിച്ചൊഴുക്കുണ്ടായില്ലെന്ന് മാത്രമല്ല, ക്രൈസ്തവ വോട്ടുകള്‍ കുറച്ചെങ്കിലും നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിലെ രൂക്ഷമായ ഭിന്നത, കോഴ ആരോപണം മൂലമുണ്ടായ വിശ്വാസ്യതാ നഷ്ടം, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെ പാര്‍ട്ടിക്കുണ്ടായ വീര്യച്ചോര്‍ച്ച, ബി ഡി ജെ എസ്സിനുണ്ടായ കടുത്ത അതൃപ്തി, സാധാരണക്കാരെ മറന്നുള്ളതാണ് കേന്ദ്ര ഭരണമെന്ന് തെളിഞ്ഞത് ഒക്കെയുണ്ടായിട്ടും 35,000ത്തിലധികം വോട്ട് ബി ജെ പിക്ക് ലഭിച്ചുവെങ്കില്‍ അതൊരു ചെറിയ ഭീഷണിയല്ല. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമെന്ന് തത്കാലം പ്രതീക്ഷിക്ക വയ്യ. ഗ്രൂപ്പുപോരില്‍ വിട്ടുവീഴ്ച കാട്ടാതെ, അഞ്ചാണ്ട് കൂടുമ്പോള്‍ അധികാരം മാറുന്ന പതിവ് ആവര്‍ത്തിക്കുമെന്ന സുന്ദര സ്വപ്‌നവും കണ്ട് മയങ്ങുക മാത്രമേ ഉണ്ടാകൂ. അതുകൊണ്ടു തന്നെ ഇടതു മുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനും അതിന്റെ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനും ഉത്തരവാദിത്തം ഏറെയാണ്.

തിരഞ്ഞെടുപ്പുകളിലെ വിജയം രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും പിന്തുടരുന്ന നയ – നിലപാടുകള്‍ക്ക് ജനം നല്‍കുന്ന അംഗീകാരമാണോ? ഭൂരിപക്ഷം ജയം നിര്‍ണയിക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പുഫലം ജനങ്ങളുടെ അംഗീകാരമായി വ്യാഖ്യാനിക്കപ്പെടുക സ്വാഭാവികമാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വലിയ വിജയം, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കുള്ള അംഗീകാരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ, രണ്ട് വര്‍ഷത്തെ ഭരണത്തിനിടെ ഉണ്ടായ വലിയ വീഴ്ചകള്‍ ഈ വിജയം മൂലം ഇല്ലാതാകുന്നില്ല. അതിലേറ്റവുമധികമുണ്ടായത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസില്‍ നിന്നാണെന്ന വസ്തുത മറയ്ക്കപ്പെടുന്നുമില്ല.

കസ്റ്റഡി മരണങ്ങള്‍, പൊലീസിന്റെ അനാസ്ഥ മുലമുണ്ടായ മരണങ്ങള്‍, സാധാരണ ജനങ്ങളോട് പോലീസ് കാണിച്ച അതിക്രമങ്ങള്‍ അങ്ങനെ പലതുണ്ടായി. സ്ത്രീകളും കുട്ടികളും നേരിട്ട അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളില്‍ പോലും കൃത്യസമയത്ത് നടപടിയെടുക്കാന്‍ പോലീസ് മടിച്ചത് ആവര്‍ത്തിക്കപ്പെട്ടു. പാലക്കാട് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുയര്‍ന്നിട്ടും പോലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് രണ്ടാമതൊരു പെണ്‍കുട്ടിയുടെ ജീവനെടുത്തത്. കൊല്ലത്ത് പെണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവത്തിലും വേണ്ട സമയത്ത് നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഏറ്റവുമൊടുവില്‍ കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തതും 20 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ ജീവിതാന്ത്യം വരെ കണ്ണീരിലേക്ക് തള്ളിയിട്ടതും പോലീസിന്റെ ഒരു തരത്തിലും പൊറുപ്പിക്കാനാകാത്ത അനാസ്ഥയായിരുന്നു. എറണാകുളത്തെ വരാപ്പുഴയില്‍ ആളുമാറി അറസ്റ്റ് ചെയ്ത യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്, ജനങ്ങളിലുണ്ടാക്കിയ രോഷം നിലനില്‍ക്കെയാണ് കോട്ടയത്തെ സംഭവം. വിവിധ ആരോപണങ്ങളെ നേരിട്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചത്, വികസനപദ്ധതികള്‍ ആശയവിനിമയത്തിലൂടെ അഭിപ്രായഐക്യമുണ്ടാക്കി നടപ്പാക്കുന്നതിന് പകരം ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത് മൂലമുണ്ടായ സംഘര്‍ഷങ്ങള്‍ തുടങ്ങി പല അനിഷ്ടങ്ങള്‍ക്കിടിയിലാണ് പോലീസിന്റെ ഈ ‘സ്തുത്യര്‍ഹമായ’ സേവനം.
അറുപതിനായിരത്തോളം പേര്‍ വരുന്ന പോലീസ് സേനയിലെ ഏതാനും പേരാണ് അനാസ്ഥയോ അതിക്രമമോ കാട്ടുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും അതല്ലാതെ മറ്റെന്താണ് ഭരണകൂടത്തിന് ചെയ്യാനാകുക എന്നുമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ചോദ്യം. പോലീസിലെ ഏതാനും ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയെ, ഗൗരവത്തോടെ കാണാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നുവെന്നത് ജനം മനസ്സിലാക്കുന്നതുകൊണ്ടാണ് ചെങ്ങന്നൂരില്‍ വലിയ വിജയമുണ്ടായതെന്നും അദ്ദേഹത്തിന് വേണമെങ്കില്‍ വാദിക്കാം. അതിലൊരു കേവലയുക്തിയുണ്ടു താനും. പക്ഷേ, പോലീസ് സംവിധാനത്തെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും അതിലെ അംഗങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചകളുണ്ടാകാതെ നോക്കാനും അവര്‍ അതിക്രമങ്ങള്‍ കാട്ടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് സംസ്ഥാനത്തൊരു പോലീസ് മേധാവിയും അതിനുമേലെ ആഭ്യന്തര മന്ത്രിയുമുള്ളത് എന്നത് ആദ്യം മനസ്സിലാക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. പോലീസിന്റെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വവുമുണ്ട് ഇടതുപക്ഷമെന്ന് ഇപ്പോഴും അവകാശപ്പെടുന്ന മുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനും അതിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവായ മുഖ്യമന്ത്രി പിണറായി വിജയനും. ചെങ്ങന്നൂരിലെ വലിയ വിജയം എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമായി വ്യാഖ്യാനിക്കുമ്പോള്‍ ഇത്തരം ആലോചനകള്‍ക്ക് മുന്നണിയോ പാര്‍ട്ടിയോ നേതാവോ തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തേക്ക് ലഭിക്കുന്നത്. ആ സാഹചര്യം ആരാണ് പ്രയോജനപ്പെടുത്താന്‍ പോകുന്നത് എന്നതിന്റെ ലക്ഷണങ്ങള്‍ കൂടി ചെങ്ങന്നൂര്‍ ഫലം നല്‍കുന്നുണ്ട്.

ലൈംഗികതയുടെ അകമ്പടിയുള്ള സോളാര്‍ അഴിമതി ആരോപണം, ബാര്‍ കോഴ തുടങ്ങിയവ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ടെലിവിഷന്‍ സ്‌ക്രീനുകളില്‍, നിറഞ്ഞുനിന്നതിന് ശേഷമായിരുന്നു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാറിന്റെയും ആ മുന്നണിയുടെയും പ്രതിച്ഛായ തകര്‍ന്നുവെന്നും അതുകൊണ്ട് തന്നെ ഇടതു മുന്നണിക്ക് എളുപ്പത്തില്‍ ജയമുണ്ടാകുമെന്നും കരുതപ്പെട്ടിരുന്നു. തരക്കേടില്ലാത്ത ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. പക്ഷേ ആ വിജയം, നേരത്തെ പരാമര്‍ശിച്ച ആരോപണങ്ങളെത്തുടര്‍ന്നുള്ള പ്രതിച്ഛായാ നഷ്ടത്തെയോ ഭരണവിരുദ്ധ വികാരത്തെയോ മാത്രം ആശ്രയിച്ചുണ്ടായതല്ലെന്ന് വോട്ടുകണക്കുകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട പ്രത്യേക സാഹചര്യം സംസ്ഥാനത്തും സ്വാധീനം ചെലുത്തിയിരുന്നു. പല നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പിക്ക് വലിയതോതില്‍ വോട്ട് കൂടി. അത്രയും കാലം കോണ്‍ഗ്രസിന് ലഭിച്ചിരുന്ന വോട്ടുകളില്‍ നിന്നാണ് ബി ജെ പിയിലേക്കുള്ള ഒഴുക്ക് കൂടുതലുണ്ടായത്. ബി ജെ പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന തോന്നലുണ്ടായതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ തുണച്ചു. ഇത്തരത്തില്‍ വോട്ടിംഗ് പാറ്റേണിലുണ്ടായ മാറ്റമാണ് ഇടതു മുന്നണിയെ അധികാരത്തില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

ചെങ്ങന്നൂരിനെ സവിശേഷമായി എടുത്താല്‍ 2016ല്‍ 42,000ത്തില്‍ അധികം വോട്ട് ബി ജെ പി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള നേടിയിരുന്നു. 2011ല്‍ ലഭിച്ച ആറായിരത്തിലധികം വോട്ടില്‍ നിന്നാണ് ഈ കുതിപ്പുണ്ടായത്. എസ് എന്‍ ഡി പി മുന്‍കൈ എടുത്ത് രൂപവത്കരിച്ച ബി ഡി ജെ എസ്സിന്റെ പിന്തുണ, ഇതിനൊരു കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ്സിന്റെ പിന്തുണ ഔദ്യോഗികമായി ബി ജെ പിക്കുണ്ടായിരുന്നുവെങ്കിലും 2016ലെപ്പോലെ പ്രചാരണത്തില്‍ ആ പാര്‍ട്ടി സജീവമായിരുന്നില്ല. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പരസ്യമായി ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ശ്രീധരന്‍ പിള്ളക്ക് 35,000ത്തില്‍ അധികം വോട്ട് നോടാനായി എന്നത് ചെറിയ കാര്യമല്ല.
ബി ജെ പിയിലേക്ക് ഒഴുകിയ വോട്ടുകള്‍ തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ, ഹിന്ദു സ്വത്വത്തെ പ്രകടമായി രേഖപ്പെടുത്തുന്ന സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും മഠാധിപതികളെ സന്ദര്‍ശിച്ചും ഗുജറാത്തിലും കര്‍ണാടകയിലും രാഹുല്‍ ഗാന്ധി പിന്തുടര്‍ന്ന മൃദു ഹിന്ദുത്വ നിലപാടിന്റെ തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍. പക്ഷേ, വോട്ടുകളുടെ തിരിച്ചൊഴുക്കുണ്ടായില്ലെന്ന് മാത്രമല്ല, ക്രൈസ്തവ വോട്ടുകള്‍ കുറച്ചെങ്കിലും നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിലെ രൂക്ഷമായ ഭിന്നത, നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം മൂലമുണ്ടായ വിശ്വാസ്യതാ നഷ്ടം, വോട്ടെടുപ്പിന് തൊട്ടു മുമ്പ് സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെ പാര്‍ട്ടിക്കുണ്ടായ വീര്യച്ചോര്‍ച്ച, സഖ്യകക്ഷിയായ ബി ഡി ജെ എസ്സിനുണ്ടായ കടുത്ത അതൃപ്തി, മോദിയുടെ വലുപ്പം വ്യാജകല്‍പ്പനയായിരുന്നുവെന്ന തിരിച്ചറിവ്, സാധാരണക്കാരെ മറന്നുള്ളതാണ് കേന്ദ്ര ഭരണമെന്ന് തെളിഞ്ഞത് ഒക്കെയുണ്ടായിട്ടും 35,000ത്തിലധികം വോട്ട് ബി ജെ പിക്ക് ലഭിച്ചുവെങ്കില്‍ അതൊരു ചെറിയ ഭീഷണിയല്ല. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമെന്ന് തത്കാലം പ്രതീക്ഷിക്ക വയ്യ. ഗ്രൂപ്പുപോരില്‍ വിട്ടുവീഴ്ച കാട്ടാതെ, അഞ്ചാണ്ട് കൂടുമ്പോള്‍ അധികാരം മാറുന്ന പതിവ് ആവര്‍ത്തിക്കുമെന്ന സുന്ദര സ്വപ്‌നവും കണ്ട് മയങ്ങുക മാത്രമേ ഉണ്ടാകൂ.
അതുകൊണ്ടു തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനും അതിന്റെ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനും ഉത്തരവാദിത്തം ഏറെയാണ്. ബി ജെ പിക്ക് വോട്ടു കൂടുമ്പോള്‍ കൂടുതല്‍ തളരുന്നത് കോണ്‍ഗ്രസാണെന്നത് തത്കാല ലാഭങ്ങളുണ്ടാക്കിയേക്കാമെങ്കിലും വര്‍ഗീയതയുടെ ആപത്തിനെ സജീവമാക്കുന്നുണ്ട്. അതിനെ മറികടക്കണമെങ്കില്‍, ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ആര്‍ജിക്കും വിധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. വീഴ്ചകളെ വസ്തുതകളെ മുന്‍നിര്‍ത്തി വിലയിരുത്തുകയും വേണ്ട തിരുത്തലുകള്‍ നടത്തുകയും വേണം. അത്തരം തിരുത്തലുകള്‍ക്ക് സി പി എമ്മും ഇടത് ജനാധിപത്യ മുന്നണിയും മുന്‍കൈ എടുക്കുമ്പോഴാണ് അവക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഏറുക.

പോലീസിന്റെ വീഴ്ചകള്‍ക്ക് ആഭ്യന്തര വകുപ്പിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശിക്കുമ്പോള്‍, വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കുറ്റപ്പെടുത്താനും മാധ്യമങ്ങളുടെയോ മാധ്യമപ്രവര്‍ത്തകരുടെയോ അസഹിഷ്ണുതയാണെന്ന് ആക്ഷേപിക്കാനും ശ്രമിക്കുന്നത് നഷ്ടം മാത്രമേ സമ്മാനിക്കൂ. അധികാരത്തിലിരിക്കുന്നവരുടെ അസഹിഷ്ണുതയാണ്, വിമര്‍ശിക്കുന്നവരുടെ അസഹിഷ്ണുതയേക്കാള്‍ വിലയിരുത്തപ്പെടുക എന്ന് അമ്പതാണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ അജന്‍ഡകളുണ്ടാകാം. പക്ഷേ, അധികാരം കാണിക്കുന്ന അസഹിഷ്ണുത, ആ അജന്‍ഡകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുകയേ ഉള്ളൂ. ആ സ്വീകാര്യതയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കാതിരിക്കെ, മുതലെടുക്കുക വര്‍ഗീയ ശക്തികളായിരിക്കും.

ചെങ്ങന്നൂരിലെ വിജയം വിമര്‍ശകരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എതിരാളികളുടെ പാളയത്തില്‍ കലഹങ്ങള്‍ക്ക് വഴിതുറന്നിട്ടുമുണ്ട്. അതില്‍ ആനന്ദം കണ്ടെത്താനാണ് സാധ്യത ഏറെ. അതിന്റെ ലക്ഷണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. വര്‍ഗീയശക്തികളെ തങ്ങളോളം ശക്തമായി എതിര്‍ക്കുന്നവര്‍ ആരുണ്ടെന്ന് ചോദിക്കുമ്പോള്‍ തന്നെ, അവരുടെ വളര്‍ച്ചയുടെ ആനുകൂല്യം പറ്റുന്നവരായി നില്‍ക്കാനാണോ സി പി എം കേരള ഘടകം ശ്രമിക്കുന്നത് എന്ന സംശയം അസ്ഥാനത്തല്ല. അതങ്ങനെയല്ലെന്ന് ഉറപ്പാക്കണമെങ്കില്‍ ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് (തോമസ് ഐസക്കിനോട് കടപ്പാട്) ആ പാര്‍ട്ടിയും നേതൃത്വവും സന്നദ്ധരായേ മതിയാകൂ. അതിനുള്ള സാധ്യത തുലോം വിരളമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ നമ്മളോട് പറയുന്നത്. ആകയാല്‍ ഭൂരിപക്ഷം മഹാശ്ചര്യം, നമുക്ക് നിലനിര്‍ത്തണം അധികാരം.

LEAVE A REPLY

Please enter your comment!
Please enter your name here