അപക്വ ബന്ധങ്ങളെ സാധൂകരിക്കാമോ?

Posted on: June 4, 2018 9:23 am | Last updated: June 4, 2018 at 9:23 am
SHARE

ആശങ്കയുളവാക്കുന്നതാണ് 18 -കാരനും 19-കാരിക്കും വിവാഹിക്കാതെ ഒരുമിച്ചു ജീവിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി വിധി. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബാലവിവാഹ നിയമമനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസ്സാകാത്തതിനാല്‍ അവരുടെ വിവാഹം സാധുവല്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അവളുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

യുവാവിന് വിവാഹ പ്രായമെത്തുമ്പോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ‘പെണ്‍കുട്ടിക്ക് നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര്‍ ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച് ജീവിക്കുന്നതില്‍ നിന്നും തടയുന്നതെ’ന്ന് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് ചോദിക്കുന്നു.

ഒരു വിഭാഗം കോടതി വിധിയെ സ്വാഗതം ചെയ്‌തേക്കാം. എന്നാല്‍, സാമൂഹിക രംഗത്ത് ഇത് സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ എന്തായിരിക്കും? നമ്മുടെ സാംസ്‌കാരികരംഗം പൊതുവെ ജീര്‍ണമാണ്. വഴിവിട്ട ലൈംഗികത സാര്‍വത്രികമായിരിക്കുന്നു. കുപ്പത്തൊട്ടിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും നവജാത ശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് സ്ഥിരം വാര്‍ത്ത. വിവാഹേതര ബന്ധങ്ങളില്‍ ജനിച്ച കുട്ടികളാണ് ഈവിധം ഉപേക്ഷിക്കപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും. ഗര്‍ഭിണിയാകുമ്പോള്‍ കൈയൊഴിയുന്നു. ഒടുവില്‍ പെണ്‍കുട്ടി നവജാത ശിശുവിനെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സമൂഹത്തിന്റെയോ നിയമത്തിന്റയോ അംഗീകാരമില്ലാത്തതിനാല്‍ പാത്തും പതുങ്ങിയുമാണ് ഇത്തരം പ്രണയങ്ങളും ബന്ധങ്ങളും നടന്നിരുന്നത്. കോടതി വിധിയോടെ ഇനി നിയമത്തെ ഭയക്കേണ്ടതില്ല. വിവാഹം ചെയ്യാതെ പെണ്‍കുട്ടിയുമായി ഒന്നിച്ചു കഴിഞ്ഞ യുവാവ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്തെങ്കിലും കാരണം പറഞ്ഞു അവളെ ഉപേക്ഷിച്ചാല്‍ കോടതിയുടെ വീക്ഷണത്തില്‍ അവന്‍ കുറ്റക്കാരനാകുന്നില്ല. കുടുംബത്തിന്റെയോ സമുദായത്തിന്റെയോ സഹകരണമില്ലാത്ത ബന്ധമായത് കൊണ്ട് ഇതില്‍ ജനിക്കുന്ന കുട്ടിക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കുകയുമില്ല. അവിശുദ്ധ ബന്ധങ്ങളും ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കളുടെ എണ്ണവും വിവാഹ വാഗ്ദാനം നല്‍കിയുള്ള മാനഭംഗവും വര്‍ധിക്കാന്‍ വിധി ഹേതുവാകുമോ എന്ന കാര്യം ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്.

വിദ്യാലയങ്ങളിലെയോ ജോലിസ്ഥലത്തെയോ തീവണ്ടി യാത്രയിലെയോ കൂടിക്കാഴ്ചയാണ് പലപ്പോഴും പ്രണയമായി പരിണമിക്കുന്നത്. അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരിചയം. ശരീരസൗന്ദര്യത്തിലോ പെരുമാറ്റത്തിലോ മധുരവാക്കുകളിലോ ആകൃഷ്ടരായാണ് പ്രണയം നാമ്പുപൊട്ടുന്നത്. യൗവനത്തുള്ളിച്ചയുടെ വൈകാരികതയില്‍ നാമ്പെടുക്കുന്ന ബന്ധങ്ങളില്‍ വിവേകത്തിന്റെ ചിന്തകള്‍ കടന്നുവരികയില്ലല്ലോ. കമിതാക്കളില്‍ ആര്‍ക്കെങ്കിലും സ്വാഭാവ ദൂഷ്യങ്ങളുണ്ടെങ്കില്‍ ഇണയുടെ മുമ്പില്‍ അതു മറച്ചുപിടിക്കും. അനിഷ്ടകരമായതൊന്നും പരസ്പരം പറയുകയോ പ്രവര്‍ത്തിക്കുയോ ഇല്ല. ഒന്നിച്ചു ജീവിക്കുമ്പോഴാണ് യഥാര്‍ഥ സ്വഭാവവും കുറ്റങ്ങളും കുറവുകളും പുറത്തുവരുന്നത്. ശിഷ്ടകാലം എല്ലാം സഹിച്ചും ക്ഷമിച്ചും കണ്ണീരുമായി കഴിയുകയോ വേര്‍പിരിയുകയോ ആണ് പിന്നീട് സ്ത്രീയുടെ മുമ്പിലുള്ള മാര്‍ഗം. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയെ ഏറ്റെടുക്കാന്‍ മാന്യതയുള്ളവരാരും പിന്നീട് തയാറാവുകയുമില്ലെന്നതിനാല്‍ അവള്‍ വഴിയാധാരമാകും. രക്ഷിതാക്കളുടെ സഹകരണത്തോടെയുള്ള വിവാഹങ്ങളില്‍, ദമ്പതികള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ അവര്‍ രംഗത്തെത്തും. ഇവിടെ അതിനുള്ള അവസരവും ഇല്ലാതാകുന്നു. പ്രേമവിവാഹങ്ങള്‍ ഏറെയും പരാജയമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
സദാചാരത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ് നമ്മുടെ പാരമ്പര്യവും ജീവിത രീതിയും. ഏത് സമുദായമായാലും വിവാഹത്തിന് പരമ്പരാഗത രീതിയുണ്ട്. മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയും കാര്‍മികത്വത്തിലുമാണ് അത് നടന്നു വരുന്നത്. ഒരു പക്ഷേ പുതിയ തലമുറയെ അപേക്ഷിച്ച് അറിവ് കുറഞ്ഞവരെങ്കിലും ജീവിതാനുഭവങ്ങള്‍ കൂടതലുണ്ടാവുക മാതാപിതാക്കള്‍ക്കാണ്. കൗമാരത്തിന്റെയും യൗവനത്തിന്റെയും സങ്കല്‍പങ്ങള്‍ക്കും നിറം പിടിപ്പിച്ച സ്വപ്‌നങ്ങള്‍ക്കുമപ്പുറം പരുപരുത്ത അധ്യായങ്ങളില്‍ കൂടി കടന്നു പോകേണ്ടതാണ് യഥാര്‍ഥ ജീവിതം. അതെക്കുറിച്ചു കൂടുതല്‍ അറിയുന്നത് മാതാപിതാക്കള്‍ക്കാണ്.

വിവാഹക്കാര്യം അവരുമായി കൂടിയാലോചിച്ചാകുന്നതാണ് വിവേകം. ഇണയെ വിവാഹാര്‍ഥികള്‍ക്ക് സ്വയം കണ്ടെത്താം. എന്നാല്‍ തന്നെയും തികഞ്ഞ സംതൃപ്തിയോടെ, എല്ലാവരുടെയും ഒത്താശയോടെ, നാടിന്റെയും കുടുംബത്തിന്റെയും ആശംസകള്‍ ഏറ്റുവാങ്ങിയാണ് കൂട്ടുജീവിതത്തിന്റെ തുടക്കമിടേണ്ടത്. സമാധാനവും സന്തോഷവുമാണ് ജീവിതത്തില്‍ ഏവരും ആഗ്രഹിക്കുന്നത്. അതിന് വേണ്ടത് വികാരമല്ല, വിചാരവും വിവേകവുമാണ്. മാതാപിതാക്കള്‍ എപ്പോഴും മക്കളുടെ നന്മയേ ആഗ്രഹിക്കുകയുള്ളൂ. കോടതിക്ക് സൂപ്പര്‍ രക്ഷിതാവാകാന്‍ കഴിയില്ലെന്നത് ശരി. എന്നാല്‍, സന്താനങ്ങളെ വര്‍ഷങ്ങളോളം പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ വികാരവും വേദനയും മനസ്സിലാക്കാനെങ്കിലും ബാധ്യതയില്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here