കെ പി എല്‍ കിരീടം ഗോകുലത്തില്‍

Posted on: June 4, 2018 9:12 am | Last updated: June 4, 2018 at 9:12 am
SHARE

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ് സിക്ക്. ക്വാര്‍ട്‌സ് എഫ് സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഗോകുലം ചാമ്പ്യനായത്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം സീസണ്‍ കലാശക്കളിയില്‍ പകരക്കാരായിറങ്ങിയ ബ്രയിന്‍ ഉമ്മോണി, അര്‍ജുന്‍ ജയരാജ് എന്നിവരാണ് 69, 87 മിനുട്ടുകളില്‍ ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ഗോകുലത്തിന്റെ മുഹമ്മദ് സലാഹും മ്യൂഡ് മൂസയും ക്വാര്‍ട്‌സ് പ്രതിരോധ നിരയെ വിറപ്പിക്കുന്ന ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിംഷിംഗിലെ പോരായ്മ വില്ലനായി. രണ്ടാം പകുതിയിലും ആക്രമണോത്സുകത പ്രദര്‍ശിപ്പിച്ച ഗോകുലം 69ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. വലതു പാര്‍ശ്വത്തില്‍ നിന്ന് മധ്യനിരക്കാരന്‍ ആശിഖ് ഉസ്മാന്‍ നല്‍കിയ മനോഹരമായ ക്രോസ് പിറകില്‍ നിന്ന് ഓടിക്കയറിയ ഉമ്മോണി ക്വാര്‍ട്‌സ് ഗോളി അന്‍ഷിദ് ഖാനെ കബളിപ്പിച്ച് ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു (1-0). തൊട്ടടുത്ത മിനുട്ടില്‍ സുഹൈറിന് ലഭിച്ച സുവര്‍ണാവസരം ലക്ഷ്യം കാണാതെ പോയി.

കളി അവസാനിക്കാന്‍ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ ക്വാര്‍ട്‌സ് ഗോള്‍മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ മാര്‍ക്ക് ചെയ്യാതെനിന്ന അര്‍ജുന്റെ ഷോട്ട് വലയുടെ മൂലയില്‍ പതിച്ചു (2-0). ഗോള്‍ തിരിച്ചടിക്കാന്‍ ക്വാര്‍ട്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോകുലം പ്രതിരോധനിര വഴങ്ങിയില്ല.