വാഹനത്തിന് പണമില്ല; മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

Posted on: June 4, 2018 9:09 am | Last updated: June 4, 2018 at 9:09 am

ഭോപ്പാല്‍: പണമില്ലാത്തതിന്റെ പേരില്‍ ഉന്തുവണ്ടിയില്‍ ബന്ധുവിന്റെ മൃതദേഹവുമായി 40കാരന്‍ നടന്നത് ആറ് കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ഉന്തുവണ്ടിയില്‍ കയറ്റിയാണ് സുരേഷ് അഹിര്‍വാര്‍ എന്നയാള്‍ തന്റെ ഭാര്യാ സഹോദരന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.

വാഹനത്തിന് നല്‍കാന്‍ 500നും ആയിരത്തിനുമിടയില്‍ പണം വേണ്ടിവരുമെന്നും അതില്ലാത്തതിനാലാണ് ഉന്തുവണ്ടിയില്‍ മൃതദേഹം കൊണ്ടുവന്നതെന്നും ഇയാള്‍ പ്രതികരിച്ചു. എന്നാല്‍, ഇതേകുറിച്ച് കൃത്യമായി പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ആരോ ഒരാള്‍ കഴിഞ്ഞ ദിവസം രാത്രി മരിച്ചിട്ടുണ്ടെന്നും എന്നാല്‍, മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ചോദിച്ച് ആരും എത്തിയിട്ടില്ലെന്നുമാണ് ആശുപത്രി മേധാവി പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ഉന്തുവണ്ടിക്ക് മുകളില്‍ കമ്പിളി പുതപ്പില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 42 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ അവഗണിച്ചാണ് സുരേഷ് മൃതദേഹവുമായി നടന്നത്. വാഹനത്തിന് വേണ്ടി ഇയാള്‍ ആശുപത്രിക്ക് സമീപത്തുണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചിരുന്നെന്നും ഇയാള്‍ കൈമലര്‍ത്തിയതോടെയാണ് ഉന്തുവണ്ടിയില്‍ മൃതദേഹം കയറ്റിയതെന്നും സുരേഷ് വ്യക്തമാക്കി.