മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ !; അന്വേഷണത്തിന് ഉത്തരവ്

Posted on: June 4, 2018 9:07 am | Last updated: June 4, 2018 at 9:07 am

ഭോപ്പാല്‍: ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ സര്‍ക്കാറിന്റെ ഒത്താശയോടെ വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 60 ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു. വിശദ പരിശോധനക്കായി നാല് സംഘങ്ങളെ നിയോഗിച്ചതായി തിര. കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെറ്റുകള്‍ കടന്നു കൂടിയതാകാമെന്ന് സംസ്ഥാന കമ്മീഷനിലെ ചില ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ബോധപൂര്‍വം കള്ളവോട്ടുകള്‍ ചേര്‍ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഓരോ കേസും പ്രത്യേകം എടുത്ത് പരിശോധിക്കണമെന്നും തിരുത്തല്‍ നടപടികള്‍ പഴുതടച്ചതാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബോധപൂര്‍വം കൃത്രിമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 60 ലക്ഷം കള്ളവോട്ടര്‍മാരുടെ പട്ടികയാണ് പാര്‍ട്ടി ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും അതില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞു.

അധികാര ദുര്‍വിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷം കൊണ്ട് ജനസംഖ്യ 24 ശതമാനം ഉയരുന്നതെങ്ങനെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു. വോട്ടര്‍മാരുടെ എണ്ണം 40 ശതമാനമാണ് വര്‍ധിച്ചത്. ഒരു വോട്ടര്‍ 26 തവണ വരെ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും സിന്ധ്യ പറഞ്ഞു.