മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഉടന്‍; ബില്‍ ഈ സമ്മേളനത്തില്‍

Posted on: June 4, 2018 9:03 am | Last updated: June 4, 2018 at 10:20 am
SHARE

തിരുവനന്തപുരം: മദ്‌റസാധ്യാപക ക്ഷേമനിധി കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്ഷേമനിധി ബോര്‍ഡ് ഉടന്‍ രൂപവത്കരിക്കും. ഇതിനുള്ള ബില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ക്ഷേമനിധിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുന്നത്. നിയമ വകുപ്പിന്റെ പരിശോധന പൂര്‍ത്തിയാക്കിയ കരട് ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട നിയമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2010ല്‍ വി എസ് സര്‍ക്കാറിന്റെ കാലത്ത് തുടക്കമിട്ട മദ്‌റസാധ്യാപക ക്ഷേമനിധി നിലവില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ ഒരു വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് മദ്‌റസാധ്യാപകര്‍ക്ക് കൂടി പ്രാതിനിധ്യമുള്ള ഒരു ബോര്‍ഡിന് കീഴിലേക്ക് മാറുന്നുവെന്നതാണ് പ്രത്യേകത. തദ്ദേശ സ്വയംഭരണ ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ ടി ജലീലാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക.
ചെയര്‍മാന്‍ ഉള്‍പ്പെടെ പത്ത് അംഗങ്ങള്‍ ബോര്‍ഡിലുണ്ടാകും. മദ്‌റസാധ്യാപകര്‍, മാനേജ്‌മെന്റുകള്‍ എന്നിവരെ പ്രതിനിധാനം ചെയ്ത് നാല് പേര്‍ വീതവും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുമാണ് ബോര്‍ഡിലെ അംഗങ്ങള്‍. ന്യൂനപക്ഷ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍, ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, നിയമ വകുപ്പിലെ ജോയിന്റ്‌സെക്രട്ടറി എന്നിവരും സര്‍ക്കാര്‍ പ്രതിനിധികളായി ബോര്‍ഡിലുണ്ടാകും. പൊതുഭരണ വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലുള്ള ഒരാള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിന് അഞ്ച് വര്‍ഷമാണ് കാലാവധി.

ക്ഷേമനിധിയുടെ അംശാദായവും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ളത് അതേപടി തുടരും. പുതിയ ബോര്‍ഡ് നിലവില്‍ വന്ന ശേഷം ഇതില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. മദ്‌റസാധ്യാപകരും മാനേജ്‌മെന്റും ചേര്‍ന്ന് അമ്പത് രൂപ വീതം ആകെ നൂറ് രൂപയാണ് പ്രതിമാസം അംശാദായമായി അടക്കേണ്ടത്. അറുപത് വയസ്സ് പൂര്‍ത്തിയാകുന്ന അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകും. അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ അംശാദായം അടക്കുകയും ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം വരികയും ചെയ്യുന്ന അധ്യാപകരുടെ കാര്യത്തില്‍ ക്ഷേമനിധിയില്‍ അടച്ച തുക കണക്കാക്കി ആനുകൂല്യം നല്‍കും.
ചികിത്സാ ചെലവ്, അപകട ചികിത്സ, വിവാഹ ധനസഹായം, വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവ ധനസഹായം എന്നിവ തുടര്‍ന്നും ലഭിക്കും. ഇത് ഉയര്‍ത്തുന്ന കാര്യം പുതിയ ബോര്‍ഡ് വന്ന ശേഷം തീരുമാനിക്കും. മദ്‌റസാധ്യാപകര്‍ക്കുള്ള രണ്ട് ലക്ഷം രൂപ പലിശരഹിത ഭവന നിര്‍മാണ വായ്പയും ബോര്‍ഡിന് കീഴിലേക്ക് മാറ്റും.
ഇരുപത് മുതല്‍ 55 വരെ വയസ്സ് പ്രായമുള്ളവര്‍ക്കെല്ലാം ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. അംശാദായം അടക്കുന്നതില്‍ ആറ് മാസം വീഴ്ച വരുത്തിയാല്‍ അംഗത്വം റദ്ദാകും. ഇങ്ങനെയുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനകം കുടിശ്ശിക അടച്ചാല്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം നല്‍കും.
നിലവിലുള്ള ക്ഷേമനിധിയില്‍ അംഗത്വമെടുത്തവരെ ബോര്‍ഡ് നിലവില്‍ വരുന്നതോടെ ബോര്‍ഡിന് കീഴിലേക്ക് മാറ്റും. അംശാദായം അടക്കം ബോര്‍ഡിന്റെ പണം ട്രഷറിയുടെ പലിശരഹിത അക്കൗണ്ടിലാണ് സൂക്ഷിക്കുക.

ശിപാര്‍ശ പാലോളി കമ്മിറ്റിയുടേത്

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ സംസ്ഥാനത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയാണ് മദ്‌റസാധ്യാപക ക്ഷേമനിധി രൂപവത്കരിക്കാന്‍ ശിപാര്‍ശ ചെയ്തത്. അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമനിധിയുണ്ടാക്കുകയും ചെയ്തു. വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലായി സംസ്ഥാനത്ത് ഒന്നര ലക്ഷം മദ്‌റസാധ്യാപകരുണ്ടെന്നാണ് കണക്ക്. എന്നാല്‍, 16,000 പേര്‍ മാത്രമാണ് ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്തത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും പൂര്‍ണതോതില്‍ വിജയിപ്പിക്കാനായില്ല.