നിപ്പ: സര്‍വകക്ഷി യോഗം ഇന്ന്

Posted on: June 4, 2018 8:59 am | Last updated: June 4, 2018 at 10:20 am
SHARE
നിപ്പാ ആശങ്ക പടര്‍ന്നതോടെ കോഴിക്കോട് മിഠായി തെരുവിലൂടെ മാസ്‌ക ധരിച്ച് പോകുന്ന ആളുകള്‍

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതല യോഗം വിലയിരുത്തി. എന്നാല്‍, ഈ മാസം മുപ്പത് വരെ ജാഗ്രത തുടരാനും തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയത്. നിപ്പാ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും. നിപ്പാ സ്ഥിരീകരിക്കപ്പെട്ട ശേഷം ഇതുവരെ രോഗം സ്ഥിരീകരിച്ച പതിനെട്ട് കേസുകളില്‍ പതിനാറ് പേരാണ് മരിച്ചത്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ടതില്ലെന്നും രണ്ടാം ഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂവെന്നും യോഗം വിലയിരുത്തി. അതേസമയം, വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമാകുന്നുവെന്ന് ഉറപ്പാകുന്നതു വരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘത്തോട് കോഴിക്കോട് തന്നെ തുടരണമെന്ന് യോഗം നിര്‍ദേശം നല്‍കി. ഇവരോടൊപ്പം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി എന്നിവിടങ്ങളിലെ വിദഗ്ധരും കോഴിക്കോട്ട് തുടരും.
കണ്ണൂരിലും വയനാട്ടിലുമുണ്ടായ രണ്ട് മരണങ്ങള്‍ നിപ്പാ വൈറസ് മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയെന്ന് സംശയമുള്ളവരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കു പോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here