അഗ്‌നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: June 3, 2018 2:10 pm | Last updated: June 3, 2018 at 2:10 pm
SHARE

ബാലസോര്‍ (ഒഡിഷ): ആണവവാഹക ശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് രാവിലെ 9.48നായിരുന്നു വിക്ഷേപണം. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന് 5000 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്.

മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുണ്ട്. അഗ്‌നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും വരും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രൈന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കാന്‍ മിസൈലിന് കെല്‍പുണ്ട്.

അഗ്‌നി 5ന്റെ ആറാമത്തെ പരീക്ഷമാണ് ഇന്ന് നടന്നത്. ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്തംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നടന്നിരുന്നു.