ബി ജെ പി സംസ്ഥാന അധ്യക്ഷന്‍: ആര്‍ ബാലശങ്കറിനായി നീക്കം; ആര്‍ എസ് എസ് പിടിമുറുക്കുന്നു

Posted on: June 3, 2018 10:33 am | Last updated: June 3, 2018 at 2:30 pm
SHARE

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അപ്രതീക്ഷിതമായി ‘പ്രമോഷന്‍’ നല്‍കിയ കേന്ദ്ര നേതൃത്വത്തിന്റെ നടപടിക്ക് പിന്നാലെ ബി ജെ പി അധ്യക്ഷ പദവിക്കായി കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ചരടുവലികള്‍ സജീവമായി. എന്നാല്‍ കുമ്മനം രാജശേഖരന്റെ അധ്യക്ഷ പദവിയിലെ നിയമനത്തോടെ സംസ്ഥാനത്തെ ബി ജെ പിയെ ഏറെക്കുറെ വരുതിയിലാക്കിയ ആര്‍ എസ് എസ് കുമ്മനത്തിന് ശേഷവും ഇത് നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നീക്കം നടക്കുന്നതിനിടെയാണ് ആര്‍ എസ് എസ് നേരിട്ടുള്ള ഓപ്പറേഷനിലൂടെ പുറത്തുനിന്നുള്ള നിയമനത്തിനായി ശ്രമിക്കുന്നത്. ഇതിനായി ആര്‍ എസ് എസ് വിശ്വസ്തനായ ആര്‍ ബാലശങ്കറിന്റെ പേരാണ് മുന്നോട്ടുവെക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ഉപയോഗിച്ചാണ് നിലവില്‍ ബി ജെ പി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനറായ ആര്‍ ബാലശങ്കറിനെ കേരളാ ഘടകത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ആര്‍ എസ് എസ് തുടങ്ങിയിരിക്കുന്നത്. നിലവില്‍ സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം പൂര്‍ണ തൃപ്തരല്ലാത്തതിനാല്‍ പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷ പദവിയില്‍ പ്രതിഷ്ഠിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംസ്ഥാന ഘടകത്തിലെ പ്രധാന ഗ്രൂപ്പുകളായ കൃഷ്ണദാസ്, മുരളീധരന്‍ പക്ഷക്കാരാണ് യഥാക്രമം എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ മുന്നോട്ടുവെക്കുന്നത്.
അതേസമയം, ബി ജെ പിയുടെ നേതൃപദവികള്‍ ഇതുവരെ ഏറ്റെടുക്കാത്ത ബാലശങ്കര്‍ നിലവില്‍ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പദവി വഹിക്കുന്നതോടൊപ്പം ആര്‍ എസ് എസിന്റെ ഭൗതിക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

മുന്‍ കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു. സുരേന്ദ്രന്റെയും എം ടി രമേശിന്റെയും കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി നിലനില്‍ക്കുന്നതിനാല്‍ പുറത്ത്‌നിന്നുള്ളവരെ പരിഗണിക്കാനുള്ള സാധ്യത വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍ എസ് എസ് നീക്കം. സംസ്ഥാന നേതൃപദവിയിലേക്ക് തങ്ങളുടെ വിശ്വസ്തനെ എത്തിക്കാനും അതുവഴി ലോക്‌സഭാ തിരിഞ്ഞെടുപ്പിലുള്‍പ്പെടെ തങ്ങളുടെ താത്പര്യം സംരക്ഷിക്കാനുമാണ് ആര്‍ എസ് എസിന്റെ ശ്രമം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങാന്‍ സാധ്യതയില്ലെന്നും ഇത് മുതലെടുത്ത് തങ്ങളുടെ താത്പര്യം നടപ്പിലാക്കാന്‍ കഴിയുമെന്നുമാണ് ആര്‍ എസ് എസിന്റെ വിലയിരുത്തല്‍. അതേസമയം കുമ്മനം രാജശേഖരനെ വാഴിച്ച പോലെ സംസ്ഥാന നേതൃത്വത്തിന് പുറത്തു നിന്നുള്ള ഒരാളെ പരിഗണിക്കുന്നതിനോട് നേതാക്കള്‍ ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.