റോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് മ്യാന്മര്‍

>> റോഹിംഗ്യകളെ സ്വീകരിക്കാന്‍ സജ്ജമെന്ന് ഐക്യരാഷ്ട്രസഭക്ക് മ്യാന്മറിന്റെ ഉറപ്പ് >> അന്വേഷണം ഉണ്ടാകും
Posted on: June 3, 2018 9:29 am | Last updated: June 3, 2018 at 9:29 am
SHARE

സിംഗപ്പൂര്‍: ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഏഴ് ലക്ഷത്തോളം വരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തിരിച്ചുവരാന്‍ സന്നദ്ധമെങ്കില്‍ സ്വാഗതം ചെയ്യുന്നതായി മ്യാന്മര്‍. സിംഗപ്പൂരില്‍ നടന്ന മേഖലയിലെ സുരക്ഷാ സമ്മേളനമായ ഷാംഗ്രി ല ഉച്ചകോടിയില്‍ സംസാരിക്കവെ മ്യാന്മറിന്റെ ദേശീയ ഉപദേഷ്ടാവ് തൗംഗ് തുന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, മ്യാന്മറിലെ രാഖിനെയില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നത് വംശഹത്യയാണെന്ന് സമ്മതിക്കാന്‍ സുരക്ഷാ ഉപദേഷ്ടാവ് തയ്യാറായില്ല. ഏഴ് ലക്ഷത്തോളം രോഹിംഗ്യകള്‍ രാജ്യം വിടേണ്ടിവന്നതിനെ ‘വംശ ശുദ്ധീകരണം’ എന്ന് പറയാന്‍ കഴിയില്ലെന്നും മനുഷ്യാവകാശ ധ്വംസനമാണെന്ന് സ്ഥാപിക്കണമെങ്കില്‍ അതിന് തെളിവുകള്‍ വേണമെന്നും തൗംഗ് തുന്‍ പറഞ്ഞു. മ്യാന്മറില്‍ റോഹിംഗ്യകള്‍ക്ക് എതിരായി ഒരു യുദ്ധവും നടക്കുന്നില്ല. 2005ല്‍ ഐക്യരാഷ്ട്ര സഭയുണ്ടാക്കിയ ആര്‍2പി ചട്ടക്കൂട് അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ പലായനം ചെയ്തവര്‍ക്ക് തിരികെ വരാം. അവര്‍ക്കെതിരെ ഒരു തരത്തിലുള്ള വിലക്കുകളും ഉണ്ടാകില്ലെന്നും തൗംഗ് തുന്‍ ഉറപ്പ് നല്‍കി.
സൈനിക ആക്രമണം രൂക്ഷമായപ്പോള്‍ 2017 ആഗസ്റ്റ് മുതല്‍ ഏഴ് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ഐക്യരാഷ്ട്രസഭയുടെയും മറ്റ് മനുഷ്യാവകാശ സംഘടനകളുടെയും കണക്കുകള്‍ പ്രകാരം മ്യാന്മറില്‍ നിന്ന് പലായനം ചെയ്തത്. ഇവരില്‍ പലരും കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരിക്കുന്നു. വംശശുദ്ധീകരണ നടപടിക്ക് ഏറ്റവും വ്യക്തമായ ഉദാഹരണമായാണ് റോഹിംഗ്യകള്‍ക്കെതിരായ മ്യാന്മര്‍ സൈനിക നടപടിയെ ഐക്യരാഷ്ട്രസഭ അടക്കം വിശേഷിപ്പിച്ചിട്ടുള്ളത്.
അഭയാര്‍ഥി വിഷയം രണ്ട് വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുന്നതിന് ജനുവരിയില്‍ മ്യാന്മറും ബംഗ്ലാദേശും ധാരണയിലെത്തിയിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭക്കും മ്യാന്മര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഖിനെയില്‍ നടന്ന കലാപങ്ങളുടെ ഉത്തരവാദിത്വം റോഹിംഗ്യകള്‍ക്ക് മേല്‍ ചുമത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്നും മ്യാന്മര്‍ സമ്മതിച്ചിരുന്നു.

രാഖിനെയില്‍ മുസ്‌ലിം ന്യൂനപക്ഷ വിഭാഗം നേരിട്ട ദുരിതങ്ങള്‍ തള്ളിക്കളയുന്നില്ലെന്ന് തൗംഗ് തുന്‍ പറഞ്ഞു. എന്നാല്‍, രാജ്യത്തെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം സൈന്യത്തിനുണ്ട്. അവര്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിയുകയാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ദേശീയ ഉപദേഷ്ടാവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here