കരച്ചില്‍: നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തി

Posted on: June 3, 2018 9:27 am | Last updated: June 3, 2018 at 9:27 am
SHARE

ടോക്യോ: കുഞ്ഞിന്റെ കരച്ചില്‍ ആരെങ്കിലും കേള്‍ക്കുമോ എന്ന് ഭയന്ന് ജപ്പാനില്‍ നവജാത ശിശുവിന് മാതാവ് കൊലപ്പെടുത്തി. കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി കഴിഞ്ഞ അഞ്ച് മാസമായി ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ജനുവരിയില്‍ നടന്ന സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു. ടേക്യോയിലെ കബൂക്കിച്ചോ ജില്ലയിലാണ് സംഭവം നടന്നത്.

ജനുവരിയില്‍ സ്വകാര്യ മുറിയിലാണ് മാവോ തൊഗാവ എന്ന 25കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടനെ കുഞ്ഞ് കരഞ്ഞപ്പോള്‍ അടുത്ത മുറിയിലുള്ളവര്‍ കേള്‍ക്കുമെന്ന് ഭയന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് തൊഗാവ പോലീസില്‍ സമ്മതിച്ചു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ലോക്കറില്‍ ഇടക്കിടെ യുവതി പരിശോധിക്കാന്‍ എത്താറുണ്ടായിരുന്നതായി സി സി ടി വി ക്യാമറയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം യുവതി ലോക്കര്‍ തുറന്നപ്പോള്‍ അതില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നത് അവിടത്തെ ജീവനക്കാരന്‍ ശ്രദ്ധിച്ചിരുന്നു, ഇതേത്തുടര്‍ന്നുള്ള പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.