ധീരജ് ബ്ലാസ്റ്റേഴ്‌സില്‍

Posted on: June 3, 2018 9:19 am | Last updated: June 3, 2018 at 9:19 am

ന്യൂഡല്‍ഹി: അണ്ടര്‍ 17 സൂപ്പര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധീരജ് സിംഗ് വിദേശ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സ്‌കോട്ടിഷ് ക്ലബ്ബ് മതര്‍വെല്‍ എഫ് സിയില്‍ ട്രയല്‍സില്‍ പങ്കെടുത്ത ധീരജ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബൗണ്‍മൗതില്‍ പരിശീലനം നടത്തുകയും ചെയ്തു.
വിദേശത്ത് നിന്നുള്ള മടക്കത്തില്‍ ധീരജ് സിംഗ് മികച്ചൊരു തുടക്കം തന്നെ ലക്ഷ്യമിടുന്നു. സീനിയര്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാവുക എന്ന ലക്ഷ്യമാണ് ധീരജിന് മുന്നിലുള്ളത്. ഡേവിഡ് ജെയിംസിനൊപ്പം പ്രവര്‍ത്തിക്കാനും ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ക്ലബ്ബില്‍ കളിക്കുന്നതും ഭാഗ്യമായി ധീരജ് കരുതുന്നു.
ധീരജിന് ബൗണ്‍മൗതില്‍ പരിശീലനത്തിന് അവസരമൊരുക്കിയത് ജെയിംസായിരുന്നു. ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ധീരജിന്റെ വഴി തുറന്നതും ഇംഗ്ലീഷ് പരിശീലകന്‍ മുഖേനയാണ്.
അടുത്ത സീസണിലേക്ക് മികച്ച യുവനിരയെ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ക്ലബ്ബ് സി ഇ ഒ വരുണ്‍ ത്രിപുരനെനി പറഞ്ഞു.

റിനോ ബ്ലാസ്റ്റേഴ്‌സ് വിട്ടു
കൊച്ചി: മലയാളി പ്രതിരോധനിര താരമായ റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് രാജിവെച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ പുതുക്കാതിരുന്ന താരം മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ് സിയിലേക്ക് മടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ബെംഗളൂരുമായി റിനോ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മികച്ച രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്റ്റേഴ്‌സിനോട് വിട പറയുന്നു. മികച്ച താരങ്ങളെയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചു.
ജീവിതത്തിലും കരിയറിലും ബ്ലാസ്റ്റേഴ്‌സ് ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നുവെന്ന് റിനോ ട്വിറ്ററില്‍ കുറിച്ചു. വീഴ്ചയിലും താഴ്ചയിലും കൂടെനിന്ന ആരാധകര്‍ക്ക് നന്ദിയും സ്‌നേഹവും അറിയിക്കാനും റിനോ മറന്നില്ല.
കഴിഞ്ഞ സീസണില്‍ ഡ്രാഫ്റ്റ് വഴിയാണ് റിനോയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
എന്നാല്‍ പരുക്കിനെത്തുടര്‍ന്ന് പത്തു മത്സരം മാത്രമാണ് കളിച്ചത്. പരുക്കിനുള്ള സാധ്യത കണക്കിലെടുത്ത് താരവുമായുള്ള കരാര്‍ ടീം മാനേജ്‌മെന്റ് പുതുക്കിയിരുന്നില്ല. തുടര്‍ന്നാണ് താരം ബെംഗളൂരുവുമായി കരാറില്‍ ഏര്‍പ്പെട്ടത്.