കര്‍ഷകര്‍ കാത്തിരിക്കുന്നു, വാക്കു പാലിക്കാനാകുമോ?

കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാനും ബി ജെ പി മുക്ത ഭാരതം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ട് ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിശാല സഖ്യം രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടകയില്‍ ഒന്നിച്ച് മത്സരിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ആസന്നമായ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കെത്തിയ സോണിയാഗാന്ധിയും മായാവതിയും ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
Posted on: June 3, 2018 8:57 am | Last updated: June 3, 2018 at 8:57 am
SHARE

ആദ്യ പ്രഖ്യാപനം കര്‍ണാടകയില്‍ നിന്നുണ്ടായിരിക്കുന്നു. 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ എസ് നേതൃത്വം. ഇത് നല്ല തുടക്കമാണ്. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാനും ബി ജെ പി മുക്ത ഭാരതം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ട് ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിശാല സഖ്യം രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടകയില്‍ ഒന്നിച്ച് മത്സരിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ആസന്നമായ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കെത്തിയ സോണിയാഗാന്ധിയും മായാവതിയും ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കര്‍ണാടകയുടെ ചുവട് പിടിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാല്‍ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് ഇല്ലാതാക്കാന്‍ സോണിയാഗാന്ധി മുന്‍കൈയെടുത്ത് കോണ്‍ഗ്രസ്- ജനതാദള്‍ എസ് സഖ്യം രൂപവത്കരിച്ചതോടെയാണ് രാജ്യ വ്യാപകമായി ഇതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന മോദിയെയും ബി ജെ പിയെയും മതേതര കക്ഷികളുടെ ഏകീകരണത്തിലൂടെ അധികാരത്തില്‍ നിന്ന് മാറ്റുകയെന്നതാണ് ഈ സഖ്യത്തിന്റെ മുഖ്യ അജന്‍ഡ.

അവസാനം ധാരണ
കോണ്‍ഗ്രസിനും ജെ ഡി എസിനും ലഭിക്കേണ്ട വകുപ്പുകള്‍ സംബന്ധിച്ച് ധാരണയായതോടെ കര്‍ണാടകയില്‍ മന്ത്രിസഭാ രൂപവത്കരണത്തിനുള്ള പാത തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ട് ദിവസമായി നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കാണ് ഇതോടെ വിരാമമായത്. സഖ്യ സര്‍ക്കാര്‍ അധികാരമേറ്റതോടെ വകുപ്പുകളെ ചൊല്ലി ഇരു പാര്‍ട്ടികളിലും ഉടലെടുത്ത അഭിപ്രായ ഭിന്നത സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയുയര്‍ന്നിരുന്നു. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിനായി മാരത്തണ്‍ ചര്‍ച്ചകള്‍ക്കാണ് ഡല്‍ഹിയും ബെംഗളൂരുവും കഴിഞ്ഞ ദിവസങ്ങളില്‍ വേദിയായത്. പാര്‍ട്ടിക്കുള്ളില്‍ മന്ത്രിമാരെച്ചൊല്ലിയും പാര്‍ട്ടികള്‍ തമ്മില്‍ വകുപ്പിനായും തര്‍ക്കം നീണ്ടതോടെ സഖ്യത്തിനുതന്നെ മങ്ങലേല്‍ക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനതാദള്‍- എസ് നേതാവ് എച്ച് ഡി ദേവഗൗഡയും ഇടപെട്ടാണ് അവസാന നിമിഷം ധാരണയുണ്ടാക്കിയത്. കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറില്‍ അഞ്ച് വര്‍ഷവും എച്ച് ഡി കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാവാനും ധാരണയായതോടെ ഇത് സംബന്ധിച്ച വിവാദത്തിനും വിരാമമായി.
മുഖ്യമന്ത്രി സ്ഥാനം നിശ്ചിത കാലയളവിന് ശേഷം കോണ്‍ഗ്രസുമായി പങ്കുവെക്കാമെന്ന കരാറില്ലെന്നും അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് പറയാനാകില്ലെന്ന പ്രസ്താവനയുമായി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പരമേശ്വര രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇരുകക്ഷികളുടെയും യോഗത്തില്‍ കുമാരസ്വാമിയെ തന്നെ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടായത്.

ധീരം ഈ തീരുമാനം
കാര്‍ഷിക വായ്പ 15 ദിവസത്തിനുള്ളില്‍ എഴുതിത്തളളുമെന്ന പുതിയ സര്‍ക്കാറിന്റെ പ്രഖ്യാപനം കര്‍ഷക ജനത ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജെ ഡി എസ് അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന വ്യാപകമായി സമരത്തിന് കോപ്പുകൂട്ടുന്നതിനിടയിലാണ് 15 ദിവസത്തിനകം വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സഹകരണ ബേങ്കുകളില്‍ നിന്നും പൊതുമേഖലാ ബേങ്കുകളില്‍ നിന്നുമുള്ള വായ്പകള്‍ എഴുതിത്തള്ളാനാണ് തീരുമാനം. വിവിധ ബേങ്കുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 53,000 കോടി രൂപയുടെ വായ്പയാണ്. ഇതില്‍ സഹകരണ ബേങ്കുകള്‍ നല്‍കിയത് 20 ശതമാനമാണ്. കാര്‍ഷിക വായ്പ എഴുതിത്തള്ളണമെങ്കില്‍ ബേങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണം. ഇതാണ് സര്‍ക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നല്‍കി ജനതാദള്‍- എസ് കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് @79
രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ നിയമസഭയില്‍ അംഗബലം വര്‍ധിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി സ്ഥാനാര്‍ഥി എന്‍ മുനിരത്‌ന 25,492 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന് 79 അംഗങ്ങളായി. ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ആര്‍ ആര്‍ നഗറില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിനാണ് മുനിരത്‌ന തിരഞ്ഞെടുക്കപ്പെട്ടത്. ഇനി മൂന്ന് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച ബെംഗളൂരു ജയനഗര്‍ മണ്ഡലത്തിലും എച്ച് ഡി കുമാരസ്വാമി രാജിവെച്ച രാമനഗര മണ്ഡലത്തിലും കാര്‍ അപകടത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ സിദ്ധു ബി ന്യാമഗൗഡ മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ജാമഖണ്ടി മണ്ഡലത്തിലുമാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ജയനഗര്‍ മണ്ഡലത്തില്‍ ജൂണ്‍ 11നാണ് തിരഞ്ഞെടുപ്പ്.

പ്രതികാര റെയ്ഡ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ സി ബി ഐയെക്കൊണ്ട് റെയ്ഡ് നടത്തി അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് വീണ്ടും ബി ജെ പി. മുന്‍ മന്ത്രി കൂടിയായ ഡി കെ ശിവകുമാര്‍, സഹോദരനും എം പി യുമായ ഡി കെ സുരേഷ് എന്നിവരുടെ സുഹൃത്തുക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്. നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നവരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തി. രാമനഗരയിലെ തിരഞ്ഞെടുപ്പ് ഓഫീസുകളിലും പരിശോധന നടന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള 11 പേരുടെ വീടുകളില്‍ റെയ്ഡ് നടത്താനുള്ള വാറണ്ടുമായാണ് സി ബി ഐ സംഘമെത്തിയത്. കനകപുര, രാമനഗര, ബെംഗളൂരു എന്നിവിടങ്ങളിലാണ് മണിക്കൂറുകളോളം നീണ്ട പരിശോധന. അസാധുവാക്കിയ നോട്ടുകള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്ന് 2017 ഏപ്രില്‍ ഏഴിനാണ് സി ബി ഐ ക്ക് പരാതി ലഭിച്ചത്. കോര്‍പ്പറേഷന്‍ ബേങ്ക് രാമനഗര ബ്രാഞ്ച് ചീഫ് മാനേജര്‍ 10 ലക്ഷം രൂപയുടെ അസാധുനോട്ട് മാറ്റിനല്‍കിയെന്നാണ് പരാതി.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബി ജെ പിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ച് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ് ശിവകുമാര്‍. കര്‍ണാടകയില്‍ അധികാരം പിടിക്കാനുള്ള ബി ജെ പി നീക്കം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് റെയ്ഡിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ചുരുളഴിയുന്നു
മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. കൊലയുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായത് കേസിന് തുമ്പുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോള്‍ പിടിയിലായവരെന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. യുക്തിവാദ ചിന്തകനായ കെ എസ് ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതികളാണ് ഇവര്‍. ഇതേ കേസില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശിയായ സുജിത് കുമാറിനും ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു. കെ എസ് ഭഗവാന്‍ വധക്കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതികള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമായത്. ഗൗരിയുടെ ഘാതകര്‍ക്ക് സഹായം ചെയ്ത് കൊടുത്തുവെന്ന കേസില്‍ ഹിന്ദുജനജാഗ്രതി സമിതി പ്രവര്‍ത്തകന്‍ കര്‍ണാടക മഡ്ഡൂര്‍ സ്വദേശിയായ കെ ടി നവീന്‍ കുമാറിനെ കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അധികം വൈകാതെ ഗൗരി വധത്തിന് തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് എസ് ഐ ടി.

LEAVE A REPLY

Please enter your comment!
Please enter your name here