ഗുരുത്വവും പൊരുത്തവും

പള്ളി ദര്‍സിലെ ഗുരുവിനു തന്റെ ശിഷ്യന്റെ സര്‍വ ഗുണങ്ങളെയും പോരായ്മകളെയും കണ്ടറിഞ്ഞ് തിരുത്താനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നു. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്കുള്ള കൈമാറ്റത്തിലൂടെയാണ് ജ്ഞാനം നിലനില്‍ക്കുന്നത്. ശുദ്ധ ഉറവിടങ്ങളില്‍ നിന്ന് തന്നെ അറിവ് ലഭിക്കണം. അതിനായിരുന്നു മഹാന്മാര്‍ നിരന്തര യാത്രകള്‍ നടത്തിയത്. വിശുദ്ധ റമസാന്‍ അറിവ് വര്‍ധിപ്പിക്കാനുള്ള കാലം കൂടിയാണ്. റമസാനില്‍ പള്ളികളിലും മറ്റും ദീനീ വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്‍കുന്ന സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നുണ്ട്.
Posted on: June 3, 2018 8:53 am | Last updated: June 3, 2018 at 8:53 am

വിശുദ്ധ റമസാന്‍ അറിവ് വര്‍ധിപ്പിക്കാനുള്ള കാലം കൂടിയാണ്. റമസാനില്‍ പള്ളികളിലും മറ്റും ദീനീ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നുണ്ട്. ദര്‍സ് സംവിധാനം തിരുനബിയില്‍ നിന്നുള്ള പിന്തുടര്‍ച്ചയാണ്. ആ തിരുനിയോഗത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക: ‘നിരക്ഷരര്‍ക്കിടയില്‍ അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിച്ചത് അല്ലാഹു തന്നെയാകുന്നു. നബി അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. അവര്‍ക്ക് വേദവും തത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവരോ ഇതിനു മുമ്പ് തികഞ്ഞ മാര്‍ഗഭ്രംശത്തിലായിരുന്നു (സൂറത്തുല്‍ ജുമുഅ). ഏറ്റവും ഫലപ്രദമായ അധ്യാപന രീതികളെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. പഠനം ശരിയായി നടക്കാന്‍ ഗുരു-ശിഷ്യ ബന്ധം ദൃഢമാകണം. ഗുരുമുഖത്ത് നിന്ന് പഠിക്കുമ്പോഴാണ് അറിവിന്റെ ആഴം മനസ്സിലാക്കാന്‍ സാധിക്കുക. പള്ളി ദര്‍സിലെ ഗുരുവിനു തന്റെ ശിഷ്യന്റെ സര്‍വ ഗുണങ്ങളെയും പോരായ്മകളെയും കണ്ടറിഞ്ഞ് തിരുത്താനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നു. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്കുള്ള കൈമാറ്റത്തിലൂടെയാണ് ജ്ഞാനം നിലനില്‍ക്കുന്നത്. ശുദ്ധ ഉറവിടങ്ങളില്‍ നിന്ന് തന്നെ അറിവു ലഭിക്കണം. അതിനായിരുന്നു മഹാന്മാര്‍ നിരന്തര യാത്രകള്‍ നടത്തിയത്. വായയിലൂടെ പകര്‍ന്നുനല്‍കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു അനുമതി നല്‍കുകയും ചെയ്യുന്നതോടെയാണ് പൂര്‍ണാര്‍ഥത്തിലുള്ള ജ്ഞാനകൈമാറ്റം നടക്കുന്നത്. ഇവിടെയാണ് ഗുരു-ശിഷ്യ ബന്ധം ദൃഢമാകുന്നത്. ഒരു വിജ്ഞാനം ഗുരു പകര്‍ന്നു നല്‍കുന്നതിലൂടെ ആ വ്യക്തിയുമായി ജീവിതാന്ത്യം വരെ നിലനില്‍ക്കുന്ന ബന്ധം സ്ഥാപിക്കപ്പെടുകയായി. അറിവിനോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ ഇസ്‌ലാമിന്റെ ഈ കാഴ്ചപ്പാട് സഹായകമായിട്ടുണ്ട്. പള്ളിദര്‍സുകളുടെ വെളിച്ചത്തിലൂടെ വിദ്യാര്‍ഥിയില്‍ മാത്രമല്ല മാറ്റമുണ്ടാവുന്നത്. സമൂഹത്തില്‍ കൂടിയാണ്.
ഞാന്‍ ഉള്ളാളത്ത് പഠിക്കുന്ന കാലത്ത് താജുല്‍ ഉലമയുടെ ദര്‍സ് പ്രൗഢമായിരുന്നു. അന്ന് അവിടെ നിന്നും ബിരുദം നല്‍കിയിരുന്നില്ല. ബിരുദത്തിന് വേണ്ടി മറ്റു കോളജിലേക്ക് അയക്കുന്ന രീതിയായിരുന്നു. വിശാലമായ പള്ളിയുടെ ഉള്ളില്‍ നടന്നും ഇരുന്നുമാണ് തങ്ങള്‍ പഠിപ്പിച്ചിരുന്നത്. ആദ്യം കിതാബ് വായിച്ചു കൊടുക്കണം. തെറ്റ് പറ്റുമ്പോള്‍ അത് തിരുത്തിത്തരും. പിന്നീട് ആ വായിച്ച ഭാഗങ്ങള്‍ തെളിമയോടെ വിശദീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് പാകമാവുന്ന രീതിയില്‍ ഉദാഹരണങ്ങള്‍ പറഞ്ഞാണ് പഠിപ്പിക്കുക. തങ്ങള്‍ക്ക് ഏത് വിഷയവും വഴങ്ങിയിരുന്നു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്‌കിയ, തര്‍ക്കശാസ്ത്രം, ഭാഷാശാസ്ത്രം, ഗോളശാസ്ത്രം, ജ്യോമട്രി തുടങ്ങിയ വിഷയങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്നു. അന്നൊക്കെ തുടര്‍ച്ചയായുള്ള ദര്‍സ് പഠനമായിരുന്നു. ക്ലാസ് തുടങ്ങിയാല്‍ പിന്നെ മറ്റു കാര്യങ്ങളൊന്നും തങ്ങള്‍ ശ്രദ്ധിക്കുമായിരുന്നില്ല. തന്നെ ആരെങ്കിലും കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ ക്ലാസ് കഴിഞ്ഞതിന് ശേഷമായിരുന്നു കാണാന്‍ അനുവദിക്കുക. രാത്രി കിതാബ് മുതാലഅ ചെയ്യുന്നത് പതിവായിരുന്നു. രാത്രി ഒരു മണിയൊക്കെയാവും തങ്ങളുടെ റൂമിലെ വിളക്കണയാന്‍. എന്നാലോ, അതിരാവിലെ നാലിന് തന്നെ എഴുന്നേല്‍ക്കും. തഹജ്ജുദ് നിസ്‌കാരത്തിന് ശേഷം പള്ളിയിലേക്ക് വന്ന് ഞങ്ങളെ വിളിച്ചുണര്‍ത്തും.

ശിഷ്യന്മാരുടെ എല്ലാ ചലനങ്ങളും തങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു. അങ്ങാടികളില്‍ പോകുന്നതും വരുന്നതും കളിതമാശകളിലേര്‍പ്പെടുന്നതും എല്ലാം. അനാവശ്യമായ കാര്യങ്ങള്‍ കണ്ടാല്‍ വിളിച്ചുവരുത്തി ശാസിക്കും. ഞങ്ങള്‍ തങ്ങളുടെ മുന്നിലെത്തുന്നത് വളരെ പേടിയോടെയും മര്യാദയോടെയുമായിരിക്കും. ചിലപ്പോള്‍ ഒരു നോട്ടം. അതായിരിക്കും ഗുരു-ശിഷ്യ ബന്ധം. അതില്‍ ഒരു ഗുരുവിന്റെ ശിക്ഷണമെല്ലാം അടങ്ങിയിട്ടുണ്ടായിരിക്കും. ശിഷ്യരോട് വളരെ സ്‌നേഹത്തോടെയായിരുന്നു തങ്ങള്‍ പെരുമാറിയിരുന്നത്. നാട്ടുകാര്‍ ആരെങ്കിലും മുതഅല്ലിംകളെ കുറിച്ച് പരാതി പറയാനെത്തിയാല്‍ അത് മുഴുവനും കേട്ട് പരിഹരിക്കാമെന്ന് പറഞ്ഞ് പരാതിക്കാരനെ പറഞ്ഞുവിടും. പിന്നീട് മുതഅല്ലിംകളെ ഒറ്റയായും കൂട്ടമായും വിളിച്ച് കാര്യങ്ങളന്വേഷിക്കും. ഗൗരവത്തിലാണെങ്കില്‍ ആ രൂപത്തില്‍, സ്‌നേഹത്തോടെയാണെങ്കില്‍ ആ രൂപത്തില്‍ ശാസിക്കും. പിന്നീട് മുതഅല്ലിംകളുടെ നടപ്പും പെരുമാറ്റവും കാണുമ്പോള്‍ പരാതിക്കാരന് സന്തോഷമാകും. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും തങ്ങള്‍ പതറിയിരുന്നില്ല. വല്ലാത്ത മനക്കട്ടിയായിരുന്നു. തവക്കുല്‍, അതായിരുന്നു തങ്ങളുടെ സ്വഭാവം. ശുദ്ധിയും നിഷ്‌കളങ്കവുമായ മനസ്സിനുടമയായിരുന്നു. ഗുരു ശ്രേഷ്ഠരുടെ പൊരുത്തവും ആദരവും നേടിയ മഹാന്‍. ഗുരുത്വവും പൊരുത്തവും കൈമുതലാക്കിയ താജുല്‍ ഉലമയില്‍ നിന്നും പകര്‍ന്നുകിട്ടിയ പാഠങ്ങളാണ് പിന്നീട് എനിക്ക് ദര്‍സ് നടത്തുന്നതില്‍ പ്രചോദനമായത്. ബേക്കലില്‍ നാല് പതിറ്റാണ്ടുകളോളം ദര്‍സ് നടത്താന്‍ സാധിച്ചത് നാട്ടുകാരുടെ നല്ല സഹകരണത്തിലായിരുന്നു. ദര്‍സ് നിലനില്‍ക്കണമെന്ന ആഗ്രഹമുള്ളവരായിരുന്നു അവര്‍.
ബുദ്ധിയും പഠന തത്പരതയും വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമാണ്. പഠനത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. കുറച്ച് പഠിച്ച് വേഗം ബിരുദം നേടാമെന്ന മോഹം നല്ലതല്ല. ആവര്‍ത്തിച്ച് പഠിക്കാനുള്ള സാഹസികത മുതഅല്ലിമിന് വേണം. പഠനത്തെ ബാധിക്കുന്ന പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. മഹാന്‍മാരുടെ ജീവിത രീതി പഠിക്കുക. അവരുടെ ചരിത്രങ്ങള്‍ പഠിക്കുക. പ്രത്യേകിച്ച് മുതഅല്ലിംകള്‍ മദ്ഹബിന്റെ ഇമാമുമാരെ കുറിച്ച് പഠിക്കുകയും അത് പകര്‍ത്തുകയും വേണം. മഹാന്‍മാരുടെ സ്മരണ നിലനിര്‍ത്തണം. അതിനാണല്ലോ ആണ്ടുകള്‍ നടത്തുന്നത്. ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവും കരസ്ഥമാക്കണം. അതിന് നല്ല മര്യാദ ശീലിക്കണം. അദബുള്ളവര്‍ക്കേ നല്ല ശീലങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കാന്‍ കഴിയൂ.

നബിതങ്ങളുടെ പൊരുത്തം സമ്പാദിച്ച ഒരു സ്വഹാബിയെ പറ്റിപ്പറയാം. മുആദുബ്‌നു ജബല്‍(റ). ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍. നബി (സ) തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ സദാ സന്നദ്ധന്‍. നബി (സ) നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിയായി നിലകൊണ്ടു. വിശ്രമമില്ലാത്ത സേവനം. എപ്പോഴും നബി (സ)യുടെ മുഖം കണ്ടുകൊണ്ടിരിക്കണം. പിരിഞ്ഞു പോകാന്‍ കഴിയുന്നില്ല. മനസ്സ് ആ രീതിയില്‍ ബന്ധപ്പെട്ടുപോയി. നബി (സ)യുടെ വചനങ്ങള്‍, ചലനങ്ങള്‍, ജീവിതരീതി അവ പഠിക്കുന്ന വിദ്യാര്‍ഥിയാണ് മുആദുബ്‌നു ജബല്‍(റ). ഓരോ ദിവസവും പഠിച്ചുയരുന്നു. വിജ്ഞാനത്തിന്റെ ആഴം കൂടുന്നു. മഹാപണ്ഡിതനായി വളരുന്നു. തിരുനബിയുടെ ഗുരുത്വവും പൊരുത്തവുമുള്ള വിനയാന്വിതനായി. പണ്ഡിതന്മാരുടെ നേതാവായി മുആദുബ്‌നു ജബല്‍ (റ) മാറിക്കഴിഞ്ഞു. തിരുനബി മുആദിന് സ്വര്‍ഗീയ പണ്ഡിതരുടെ നേതാവ് എന്ന സ്ഥാനപ്പേര് നല്‍കി ആദരിച്ചു.
ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്ന് മിക്ക പള്ളികളിലും റമസാനില്‍ ഇല്‍മിന്റെ സദസ്സുകള്‍ നടന്നു വരുന്നുണ്ട്. ചിലയിടത്ത് രാവിലെ മുതല്‍ ളുഹര്‍ വരെയും മറ്റു ചില ഭാഗങ്ങളില്‍ ളുഹര്‍ മുതല്‍ അസര്‍ വരെയും വേറെ ചിലയിടങ്ങളില്‍ തറാവീഹിന് ശേഷവും ഇത്തരം സദസ്സുകള്‍ കാണാന്‍ സാധിക്കും. കര്‍മശാസ്ത്ര പരമായ വിഷയങ്ങളാണ് അധികവും ചര്‍ച്ച ചെയ്യുക. മുമ്പ് മഞ്ഞനാടി, മംഗലാപുരം ഭാഗത്ത് മാത്രം ഒതുങ്ങിയ ഈ സദസ്സുകള്‍ ഉഡുപ്പി, സുള്ള്യ, പുത്തൂര്‍, ബണ്ട്‌വാള്‍, തീരദേശപ്രദേശങ്ങളിലേക്കൊക്കെ വ്യാപിച്ചിട്ടുണ്ട്.
(തയ്യാറാക്കിയത്: സി എം എ ഹകീം)