ഭീതി പടര്‍ത്തി നിപ്പാ വ്യാപനം

Posted on: June 3, 2018 8:50 am | Last updated: June 3, 2018 at 8:50 am
SHARE

നിയന്ത്രണവിധേയമായെന്ന് കരുതിയ നിപ്പാ രോഗം രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഉഗ്രത പ്രാപിക്കുകയാണെന്ന വാര്‍ത്ത കേരളീയ സമൂഹത്തെ അതീവ ഭീതിയിലാക്കിയിരിക്കയാണ്. ഒന്നാം ഘട്ടത്തില്‍ വവ്വാലുകളില്‍ നിന്നാണ് രോഗ പകര്‍ച്ചയെന്നാണ് പറയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മനുഷ്യര്‍ തന്നെയാണ് രോഗവാഹകര്‍. കോഴിക്കോട്ടെ നിപ്പായുടെ മരണനിരക്ക് മറ്റു രാജ്യങ്ങളിലേതിനെക്കാള്‍ ഉയര്‍ന്നതാണെന്നതും ആശങ്കാജനകമാണ്. മലേഷ്യയിലെയും ബംഗ്ലാദേശിലെയും മരണ നിരക്ക് രോഗബാധിതരുടെ 75 ശതമാനം വരെയായിരുന്നെങ്കില്‍ ഇവിടെ ആദ്യഘട്ടത്തിലെ 18 രോഗ ബാധിതരില്‍ 16 പേരും മരിച്ചു. മാത്രമല്ല, സംസ്ഥാനത്ത് നിപ്പാ വൈറസ് സ്ഥിരീകരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴും ഉറവിടം വ്യക്തമായി കണ്ടെത്താനായിട്ടുമില്ല. വൈറസ് ബാധിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനുള്ള നടപടികള്‍ മാത്രമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ സ്വീകരിക്കുന്നത്. രോഗത്തിനുളള ചികിത്സ വിവിധ രാജ്യങ്ങളില്‍ നിന്ന് മരുന്നുകള്‍ വരുത്തി പരീക്ഷിച്ചു വരുന്നേയുള്ളൂ.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രോഗം സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗബാധിതരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായതായി സംശയിക്കുന്നവരാണിവര്‍. രോഗ ബാധിതരുമായി അടുത്തിടപഴകിയവര്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ഇവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വൈറസ് ബാധിച്ചവരുടെ ഒരു മീറ്ററെങ്കിലും അടുത്ത് ഇടപഴകുന്നവരിലാണ് രോഗസാധ്യത കൂടുതല്‍. രോഗം ബാധിച്ചു മരിച്ചവരുടെ പ്രദേശങ്ങളിലുള്ളവരും മറ്റു അസുഖങ്ങള്‍ക്കു ചികിത്സതേടി ആശുപത്രികളില്‍ എത്തിയവരുമെല്ലാം കടുത്ത ഭീതിയിലാണ്. തുമ്മല്‍, ചുമ തുടങ്ങിയവയില്‍ നിന്നാണ് വൈറസ് മുഖ്യമായും പകരുന്നത്. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്.
പേരാമ്പ്രയില്‍ തുടക്കം കുറിച്ച രോഗത്തിന്റെ വ്യാപന സാധ്യത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പേരാമ്പ്ര താലുക്കാശുപത്രിയില്‍ നിന്നും മാത്രമാണെന്നായിരുന്നു രണ്ട് ദിവസം മുമ്പ് വരെയുള്ള ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഒരാള്‍ക്ക് രോഗം പകരുകയുണ്ടായി. അതോടെ ബാലുശ്ശേരി ആശുപത്രിയിലും മേഖലയിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്‍കുകയും എക്‌സ്‌റേ വിഭാഗത്തിന്റെയും ലബോറട്ടറിയുടെയും പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയുമാണ്. കോഴിക്കോട് ജില്ലയിലെ നിപ്പാ ബാധിത മേഖലകളിലെ തിരക്ക് കൂടുതലുള്ള മജിസ്‌ട്രേട്ട്, കുടുംബ കോടതികളില്‍ ഏതാനും ദിവസം സിറ്റിംഗ് ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ജൂണ്‍ 12 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നാളെ തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വൈറസ് പകര്‍ന്ന ആദ്യഘട്ടത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ബോധവത്കരണവും പ്രതിരോധനടപടികളും കുറവായതിനാലാണ് രണ്ടാംഘട്ട രോഗബാധിതരുടെ എണ്ണം കൂടാനിടയാക്കിയതെന്നും രണ്ടാം ഘട്ടക്കാരിലേക്കു രോഗപ്പകര്‍ച്ചക്കു സാധ്യതയുള്ള സമയത്ത് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായതിനാല്‍ തുടര്‍ന്നുള്ള രോഗപ്പകര്‍ച്ചയുടെ തോത് കുറവായിരിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

എങ്കിലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ചെറുലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ചികിത്സ തേടണം. മറ്റു രോഗങ്ങള്‍ ഘട്ടം ഘട്ടമായാണ് മൂര്‍ച്ച പ്രാപിക്കുന്നതെങ്കില്‍ നിപ്പാ വൈറസ് ശരീരത്തില്‍ കടന്നാല്‍ പെട്ടെന്നു തന്നെ തലച്ചോറിനെ ബാധിക്കാനിടയുണ്ട്. എങ്കിലും വസൂരിയോ എബോളയോ മീസില്‍സോ പോലെയുള്ള ഒരു ദുരന്തമാകില്ല ഇതെന്നാണ് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി അരുണ്‍കുമാറിന്റെ പക്ഷം. ആദ്യം രോഗം ബാധിച്ചയാളില്‍ നിന്ന് പകര്‍ന്നുകിട്ടിയവരും അവരുമായി ആശുപത്രികളി ലും മറ്റുമായി വിവിധ രീതികളില്‍ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നതെന്നും ഈ പട്ടികക്ക് വെളിയില്‍ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്ര സാങ്കേതിക മേഖലയുടെ അഭൂതപൂര്‍വമായ മുന്നേറ്റം കൊണ്ട് മനുഷ്യന് കീഴടക്കാന്‍ സാധിക്കാത്തതൊന്നുമില്ലെന്ന് അഹങ്കരിക്കുന്നവര്‍ക്ക് പാഠവും മുന്നറിയിപ്പുമാണ് ഇത്തരം മാരക രോഗങ്ങളും പ്രകൃതി ദുരന്തങ്ങളുമെല്ലാം. ലോകം എത്ര വളര്‍ന്നാലും മനുഷ്യന്റെ കഴിവുകള്‍ക്ക് ചില പരിധികളും പരിമിതികളുമുണ്ട്. അതു മനസ്സിലാക്കി വേണം ജീവിതം ചിട്ടപ്പെടുത്തേണ്ടത്. മനുഷ്യന്റെ താളം തെറ്റിയ ജീവിതമാണ് ചില രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്ന് വൈദ്യശാസ്ത്രം തന്നെ പറയുന്നു. എയ്ഡ്‌സിന്റെ ഉത്ഭവം കുത്തഴിഞ്ഞ ലൈംഗികതയില്‍ നിന്നായിരുന്നല്ലോ. സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട സുരക്ഷയുടെയും നിയന്ത്രണങ്ങളുടെയും അഭാവമാണ് പല സാംക്രമിക രോഗങ്ങളും സൃഷ്ടിക്കുന്നത്. വവ്വാല്‍ ഭക്ഷിച്ച പഴത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നോ അതിന്റെ വിസര്‍ജ്യത്തില്‍ നിന്നോ ആണ് നിപ്പാ വൈറസ് പകര്‍ന്നതെന്നാണല്ലോ ആരോഗ്യ വിദഗ്ധരുടെ നിഗമനം. ഭക്ഷ്യരീതിയില്‍ ചിട്ടകള്‍ പാലിക്കേണ്ടതിന്റെയും ശുചിത്വത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.