Connect with us

Kerala

പിജെ കുര്യനെതിരെ ഷാഫിയും ബല്‍റാമും; രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കണം

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം. സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി പാർട്ടിയിെല യുവ നേതാക്കളായ ഷാഫി പറമ്പിലും ബല്‍റാമും രംഗത്ത് വന്നു. പിജെ കുര്യന്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

രാജ്യയിലേക്ക് ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ പി ജെ കുര്യന്‍ തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയല്ല ഒരു പുതുമുഖത്തെ പരിഗണിക്കണമെന്ന അനിവാര്യത കൊണ്ടാണ് ഇങ്ങിനെ ഒരു ആവശ്യം ഉന്നയിക്കുന്നത്. രാജ്യസഭയില്‍ പുതുമുഖം വന്നേ പറ്റൂവെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

1983 മുതല്‍ ആറു വര്‍ഷത്തെ മുഴുവന്‍ കാലയളവിലേക്കായി 20 ടേമുകളിലായി കോണ്‍ഗ്രസിന് രാജ്യസഭ അംഗങ്ങളുണ്ടായി. ഇക്കാലയളവില്‍ കോണ്‍ഗ്രസ് അവസരം കൊടുത്തത് വെറും ആറ് പേര്‍ക്കാണ്. മറ്റു പാര്‍ട്ടികള്‍ ഇതേകാലയളവില്‍ 15 പേരെ രാജ്യസഭയിലേക്ക് അയച്ചപ്പോഴാണിത്. അനിവാര്യരായ നേതാക്കള്‍ തുടരുന്നത് മനസിലാക്കാം. എല്ലാവരും അനിവാര്യരാകുന്നത് ഇനി തുടരാന്‍ കഴിയില്ല.

അനാരോഗ്യം അലട്ടുന്ന പി പി തങ്കച്ചനെ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണം. കെ പി സി സിയിലും യൂത്ത് കോണ്‍ഗ്രസിലും നല്ല മാറ്റങ്ങള്‍ ഉണ്ടാകണം. അനിവാര്യമായ മാറ്റങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ തുടങ്ങണം. സ്ഥാനമാനങ്ങള്‍ തറവാട്ടുവകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ലെന്ന് നേതാക്കള്‍ തിരിച്ചറിയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി ജെ കുര്യന്‍ വീണ്ടും മത്സരിക്കരുതെന്ന് വി ടി ബല്‍റാം എം എല്‍ എയും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറു തവണ ലോക്‌സഭയിലും അംഗമായ പി ജെ കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനുള്ള അവസരമായി ഇതിനെ ഉപയോഗിക്കണം. പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്റ്റി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം ചില നേതാക്കളുടെ പേരുകളും ബല്‍റാം മുന്നോട്ടു വച്ചിട്ടുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റെയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്.

ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു വനിതയോ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കും. ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, എം ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയ പേരുകളും ബല്‍റാം രാജ്യസഭയിലേക്ക് പരിഗണിക്കാനായി മുന്നോട്ടുവെച്ചു.

Latest